ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലോക്കുകളുടെ നിർമാണം പുരോഗമിക്കുന്നു
1480893
Thursday, November 21, 2024 7:45 AM IST
കോഴഞ്ചേരി: ജില്ലാ ആശുപത്രി ആധുനികവത്കരണത്തിന്റെ ഭാഗമായി പുതിയ ബ്ലോക്കുകളുടെ നിർമാണം പുരോഗമിക്കുന്നു. ഒപി ആൻഡ് ഡയഗ് നോസ്റ്റിക് ബ്ലോക്ക്, ജീറിയാട്രിക് വാർഡ്, ലക്ഷ്യ പ്രോജക്ട്, ഐ യൂണിറ്റ് എന്നിവയുടെ നിർമാണമാണ് നടന്നുവരുന്നത്. 30.25 കോടി രൂപ ചെലവിലാണ് ഒപി ആൻഡ് ഡയഗ്നോനോസ്റ്റിക് ബ്ലോക്ക് നിർമിക്കുന്നത്.
5857.55 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് ഇതിനുവേണ്ടിയുള്ള കെട്ടിടസമുച്ചയം ഒരുങ്ങുന്നത്. 40 ശതമാനം നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ഡയഗ്നോസ്റ്റിക് ബ്ലോക്കിലെ ബെയ്സ്മെന്റ് ഫ്ളോറില്‍ 49 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ലിംബ് സെന്ററും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.
താഴത്തെ നിലയിൽ അത്യാഹിതവിഭാഗം, ഓര്‍ത്തോ കണ്സൾട്ടേഷന്, എക്സ്റേ ഉള്‍പ്പെടുന്ന പാരമെഡിക്കല്‍ വിഭാഗം എന്നിവയാണ് ക്രമീകരിക്കുന്നത്. ഒന്നാംനിലയില്‍ കണ്സള്ട്ടേഷന് മുറികള്‍, ഫാര്‍മസി, സൈക്യാട്രിക് ട്രീറ്റ്മെന്റ് റൂമുകളും രണ്ടാംനിലയില്‍ അഡ്മിനിസ്ട്രേഷന് ബ്ലോക്കും ജ്യോതിസ് ലാബ്, കിച്ചന്, കാന്റീന് മറ്റു സംവിധാനങ്ങളുമാണ് ക്രമീകരിക്കുന്നത്. ഇതുകൂടാതെ 87000 ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, മോര്‍ച്ചറി, ഗാര്‍ഡ് റൂം എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ കെട്ടിടം .
ലക്ഷ്യ പ്രോജക്ട്
ഉന്നത നിലവാരത്തിലുള്ള പ്രസവശുശ്രൂഷയും നവജാതശിശുക്കളുടെ പരിചരണവും മുന്‍നിര്‍ത്തി ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് ലക്ഷ്യ പ്രോജക്ട്. ജില്ലയില്‍ ലക്ഷ്യപ്രോജക്ട് സംവിധാനം നടപ്പിലാക്കുന്ന ഏക ആശുപത്രിയാണ് കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രി. 2.46 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് രണ്ട് നിലകളിലായി നടക്കുന്നത്. 40 ശതമാനം ജോലികൾ പൂർത്തിയായി.
നേത്രരോഗ പരിചരണത്തിനായി ആധുനിക രീതിയിലുള്ള സൂപ്പര്‍സ്പെഷാലിറ്റി ക്ലിനിക്കാണ് ഒരുക്കുന്നത്. 1.1 കോടി രൂപ ചെലവഴിച്ചുള്ള നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഒപി, ഐപി വാര്‍ഡുകള്‍ പൂര്‍ത്തീകരിച്ചു. 20,50,000 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റോടുകൂടിയ, ഓപ്പറേഷന് തിയറ്റര്‍ ഉള്‍പ്പെടുന്ന നിർമാണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ജെറിയാട്രിക് വാര്‍ഡ്
വയോജനങ്ങള്‍ക്കുള്ള ജെറിയാട്രിക് വാര്‍ഡ് 1.20 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. ഡെഡിക്കേറ്റഡ് ഐ യൂണറ്റിന്റെ മുകളിലാണ് വാര്‍ഡ് ഒരുക്കുന്നത്. വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസം ലഭിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങളും ആരോഗ്യ പരിരക്ഷയും വാര്‍ഡിന്റെ പ്രത്യേകതയാണ്. ഒപി, ഐപി സേവനങ്ങള്‍ക്കുപുറമേ 13 സ്പെഷാലിറ്റി യൂണിറ്റുകളും ഡയാലിസിസ് യൂണിറ്റ്, കീമോ തെറാപ്പി യൂണിറ്റ്, അര്‍ബുദ ചികിത്സാ വിഭാഗം, മാനസികരോഗവിഭാഗം എന്നിവ ഉള്‍പ്പെടുന്ന സൂപ്പര്‍ സ്പെഷാലിറ്റി സംവിധാനങ്ങളും ആശുപത്രിയില്‍ ഉണ്ടാകും. പുതിയ കെട്ടിടങ്ങളില്‍ ലിഫ്റ്റ് സംവിധാനവും ക്രമീകരിക്കുന്നുണ്ട്.
2025 മാർച്ചിൽ നിർമാണം പൂര്‍ത്തീകരിക്കാനുള്ള നടപടികളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നിതീഷ് ഐസക് സാമുവേല്‍ പറഞ്ഞു.
1909ല്‍ ആരംഭിച്ച ആശുപത്രിയാണ് ജില്ലാ ആശുപത്രിയായി പരിണമിച്ചത്. ജില്ലാ പഞ്ചായത്തിനാണ് ആശുപത്രിയുടെ നിയന്ത്രണച്ചുമതല. ജില്ലാ ടിബി സെന്റർ, കാൻസർ സെന്റർ, റീജിയണല്‍ ഹെല്‍ത്ത് ലാബ് എന്നിവയും ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.