യതി ലോകത്തിനു വെളിച്ചം പകർന്ന മഹദ്ഗുരു: സാമുവൽ മാർ ഐറേനിയോസ്
1480888
Thursday, November 21, 2024 7:45 AM IST
പത്തനംതിട്ട: നിത്യചൈതന്യ യതി കാലാതീതമായി മനുഷ്യരാശിക്കു വെളിച്ചം പകർന്ന വിശ്വഗുരുവാണെന്ന് ഡോ. സാമൂവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത. കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ നിത്യചൈതന്യ യതി ജന്മശതാബ്ദിയോടനുബന്ധിച്ച് യതി സ്ഥാപിച്ച കോന്നി മുറിഞ്ഞകൽ വിദ്യാനികേതൻ ആശ്രമത്തിൽ നടന്ന സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
എല്ലാവരെയും ചേർത്തുനിർത്തുവാനും എല്ലാ ആശയങ്ങളെയും ഉൾക്കൊള്ളാനും കഴിഞ്ഞതിലൂടെ യതി സന്യാസത്തിനു പുതിയ സൗന്ദര്യം നൽകിയ വിശ്വ ഗുരുവായി മാറിയെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ പഴകുളം മധു അധ്യക്ഷത വഹിച്ചു. യതി ശിഷ്യനും പ്രമുഖ ചിത്രകാരനുമായ പ്രമോദ് കുരമ്പാല വരച്ച യതിയുടെ ഛായാ ചിത്രം സാമുവേൽ മാർ ഐറേനിയോസ്,ത്യാഗീശ്വര സ്വാമി എന്നിവരിൽ നിന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവർ ഏറ്റുവാങ്ങി. ചലച്ചിത്ര സംവിധായകൻ ഡോ ബിജു, വിനോദ് ഇളകൊള്ളൂർ, കോ ഓർഡിനേറ്റർ ജി. രഘുനാഥ്, റോബിൻ പീറ്റർ, കെ. ജാസിംകുട്ടി, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, മാത്യു ചെറിയാൻ, എം.എസ്. പ്രകാശ്, എലിസബത്ത് അബു, ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, വിജയ് ഇന്ദുചൂഡൻ, അബു ഏബ്രഹാം, പ്രവീൺ പ്ലാവിളയിൽ, ശ്യാം എസ്. കോന്നി തുടങ്ങിയവർ പ്രസംഗിച്ചു.
യതിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച സാഹിത്യോത്സവം പരിപാടികൾ ഇന്നു മുതൽ 23 വരെ പത്തനംതിട്ട ടൗൺ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് രമേശ് ചെന്നിത്തല സാഹിത്യതോത്സവം ഉദ്ഘാടനം ചെയ്യും.