വാർഡ് വിഭജന കരടു പട്ടികയ്ക്കെതിരേ വ്യാപക ആക്ഷേപം
1480890
Thursday, November 21, 2024 7:45 AM IST
പത്തനംതിട്ട: ഗ്രാമപഞ്ചായത്ത്, നഗരസഭാ വാർഡു വിഭജനവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ വ്യാപകം. നിലവിൽ പ്രസിദ്ധീകരിച്ച കരട് പട്ടിക പഠിച്ച് പ്രാദേശികതലത്തിൽ ആക്ഷേപങ്ങൾ നൽകാൻ പ്രതിപക്ഷ കക്ഷികൾ തയാറെടുക്കുകയാണ്. ഭരണകക്ഷിയിൽപ്പെട്ടവർക്കും പരാതികളുണ്ട്. ഡിസംബർ മൂന്നുവരെയാണ് ആക്ഷേപങ്ങൾ സ്വീകരിക്കുന്നത്.
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലുമായി 48 പുതിയ വാർഡുകളാണ് നിലവിൽവന്നത്. ഇതോടെഎല്ലാ വാർഡുകളുടെയും നിലവിലെ അതിർത്തികളിൽ മാറ്റം വന്നു. ജനസംഖ്യാനുപാതികമായി നടത്തിയ കരട് വിഭജനത്തിന്റെ പേരിലാണ് ആക്ഷേപം. പല വാർഡുകളിലും ജനസംഖ്യ ആനുപാതികമായിട്ടല്ല ഉൾപ്പെടുത്തിയതെന്നതാണ് പ്രധാന ആക്ഷേപം.
യുഡിഎഫ് വാര്‍ഡുകളെ വെട്ടിമുറിച്ച് എൽഡിഎഫിന് ആധിപത്യം ലഭിക്കത്തവിധം വിഭജിച്ചതായി ഡിസിസിയുടെ തദ്ദേശ സ്ഥാപന ഡീ ലിമിറ്റേഷൻ മോണിറ്ററിംഗ് കമ്മിറ്റി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തി പാര്‍ട്ടിയുടെ വരുതിയിലാക്കിയാണ് യാതൊരു മാന്യതയുമില്ലാത്ത നിലപാട് സ്വീകരിച്ചതെന്ന് ഡിസിസി ജനറൽ സെക്രട്ടറി സജി കൊട്ടയ്ക്കാട് പറഞ്ഞു. വാര്‍ഡുകളുടെ എണ്ണം കൂടാത്ത പഞ്ചായത്തുകളില്‍ പോലും അതിരുകളുടെ ക്രമീകരണത്തിന്റെ പേരില്‍ തങ്ങളുടെ ഇഷ്ടത്തിനുവേണ്ടി വാര്‍ഡുകള്‍ വെട്ടിമുറിച്ചിട്ടുണ്ട്.
വീടുകളുടെ എണ്ണവും ജനസംഖ്യയും ക്രമീകരിച്ചും പ്രകൃതിദത്തമായ അതിരുകള്‍ മാനദണ്ഡമാക്കിയും മാത്രമേ വാര്‍ഡ് വിഭജനം നടത്താവൂ എന്ന് ഉത്തരവുള്ളപ്പോഴാണ് നടവഴിയും, വ്യക്തമല്ലാത്ത അതിരുകളും രേഖപ്പെടുത്തി വാര്‍ഡുകള്‍ രൂപീകരിച്ചിട്ടുള്ളത്. ക്രമക്കേട് നടത്തുന്നനിതുവേണ്ടി ആള്‍ത്താമസമില്ലാത്ത വീടുകളേയും വ്യാപാര സ്ഥാപനങ്ങളേയും വാസഗൃഹങ്ങളാക്കി കണക്കില്‍ കാണിച്ചിട്ടുള്ളത് മാനദണ്ഡ ലംഘനമാണ്.
അടൂര്‍ മുനിസിപ്പാലിറ്റിയിലെ പന്നിവിഴ, കണ്ണംകോട്, അടൂര്‍ ടൗണ്‍ വാര്‍ഡുകളെ ഒരു ശാസ്ത്രീയതയുമില്ലാതെയാണ് വെട്ടിക്കീറിയിട്ടുള്ളത്. അതേപോലെതന്നെയാണ് പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ പതിനൊന്ന്, ഏഴ്, പതിനെട്ട് വാര്‍ഡുകളെ വിഭജിച്ചിട്ടുള്ളത്. ഇപ്പോഴത്തെ കോഴഞ്ചേരി പഞ്ചായത്തില്‍ കൊമേഴ്സ്യല്‍ കെട്ടിടങ്ങളെ പാര്‍പ്പിടാവശ്യമുള്ള കെട്ടിടങ്ങളായി കാണിച്ചാണ് വാര്‍ഡു വിഭജനം നടത്തിയിട്ടുള്ളത്.
വ്യാപകമായി വാര്‍ഡു വിഭജനം നടത്താതെ നാലു വാര്‍ഡുകളെ വിഭജിച്ച് അഞ്ചു വാര്‍ഡുകളാക്കിയിട്ടുള്ളത്. വോട്ടര്‍മാരില്ലാത്ത വീടുകളേയും, പൊളിച്ചുകളഞ്ഞ വീടുകളേയും വാര്‍ഡു വിഭജനത്തിന്റെ എണ്ണത്തില്‍ നിലനിര്‍ത്തിയാണ് വാര്‍ഡ് വിഭജനം നടത്തിയിട്ടുള്ളത്. ഇതേ തന്ത്രമാണ് വള്ളിക്കോടു പഞ്ചായത്തിലെ ആറു മുതൽ ഒന്‍പതുവരെയുള്ള വാര്‍ഡുകളിലെ വിഭജനത്തിലും നടത്തിയിട്ടുള്ളതെന്ന് ഡിസിസി ഡിലിമിറ്റേഷന്‍ കമ്മിറ്റി കണ്‍വീനർ കൂടിയായ സജി കൊട്ടയ്ക്കാട് പറഞ്ഞു.
അപാകതകള്‍ പരിഹരിക്കണം: സിപിഐ
ചെറുകോല്‍: തദ്ദേശ സ്ഥാപന ഡീ ലിമിറ്റേഷന്‍ കമ്മീഷന് പ്രസിദ്ധീകരിച്ച വാര്‍ഡ് വിഭജനത്തിന്റെ കരട് പുറത്തുവന്ന സാഹചര്യത്തില്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനത്തില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിക്കണമെന്ന് സിപി ഐ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ചെറുകോല്‍ പഞ്ചായത്തില്‍ എൽഡിഎഫിനു ശക്തമായ സ്വാധീനമുള്ള വാര്‍ഡ് 2 വാഴക്കുന്നം വാര്‍ഡ് 11 കാട്ടൂര്‍പേട്ട എന്നീ വാര്‍ഡുകള്‍ വിഭജിച്ച് വാഴക്കുന്നം സൗത്ത് എന്ന പേരില്‍ പുതിയ വാര്‍ഡ് രൂപീകരിച്ചത് രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
വാര്‍ഡ് വിഭജനത്തിലെ പക്ഷപാതപരമായ സമീപനത്തിനെതിരേ നിയമപരമായി നീങ്ങുമെന്ന് കമ്മിറ്റി അഭിപ്രായ്പെട്ടു. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി എം. ബി. ബിജു, അബ്ദുല്‍ ഫസില്‍, കെ. വി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.