തെള്ളിയൂർക്കാവിൽ സ്രാവിനുതന്നെ ഡിമാൻഡ്
1480353
Tuesday, November 19, 2024 7:38 AM IST
കോഴഞ്ചേരി: മധ്യതിരുവിതാംകൂറിലെ പ്രസിദ്ധ ഗ്രാമീണ വ്യാപാരമേളയായ തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തില്‍ ഉണക്കസ്രാവ് വില്പന സജീവം. ഉണക്കസ്രാവില് പാല് സ്രാവിനാണ് ഏറെ വില്പന. വില കിലോഗ്രാമിന് 350 മുതല്‍ 700 രൂപവരെ. അഞ്ചടി ഉയരമുള്ള സ്രാവുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് വില പേശിയുള്ള കച്ചവടം.
ഇതോടൊപ്പം ഉണങ്ങിയ പള്ളിക്കോര, ചെമ്മീന്‍ ഇനങ്ങളും കാണാം ഇവയ്ക്കും 600 മുതല്‍ 800 രൂപ വില വരും. പായയില്‍ പൊതിഞ്ഞാണ് ദൂരെയുള്ളവര്‍ തെള്ളിയൂര്ക്കാവില്നിന്ന് സ്രാവ് വാങ്ങിക്കൊണ്ടുപോകുന്നത്. രാജ്യത്തിനകത്തും പുറത്തുമായി ജോലിചെയ്യുന്ന ബന്ധുക്കൾക്കും മക്കൾക്കുമൊക്കെ കൊടുത്തയയ്ക്കാനൊക്കെയായി സ്രാവ് വാങ്ങാൻ എത്തുന്നവരാണ് ഏറെയും. പണ്ടു മുതൽക്കേ തെള്ളിയൂർക്കാവിലെ സ്രാവ് വില്പന പ്രസിദ്ധമാണ്.
ആചാരങ്ങളും പാരന്പര്യവും നഷ്ടപ്പെടാതെ നിലനിൽക്കുന്ന മേളയിലെ സ്രാവ് വില്പനതന്നെ ഇതിന്റെ ഭാഗമാണ്. അരയ സമുദായത്തിന് സമർപ്പണമായാണ് ഉണക്കസ്രാവ് തെള്ളിയൂർക്കാവിലെത്തിയതെന്നു പറയുന്നു.
വിവിധതരം ചെടികള്‍, ഫലവൃക്ഷത്തൈകള്‍, വിത്തുകള്‍, ജൈവ വളം എന്നിവയുടെ വിപുലമായ ശേഖരം എന്നിവ ഇത്തവണ മേളയെ വ്യത്യസ്തമാക്കുന്നു. കാർഷികോപകരണങ്ങൾ, ഇരുന്പ് ആയുധങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമുണ്ട്.
പണ്ടു മുതൽക്കേ അടുക്കളയിൽ ഉപയോഗിച്ചുവരുന്നതും ഇപ്പോൾ അധികം പ്രചാരത്തിലില്ലാത്തതുമായ ചിരട്ടത്തവി, അടച്ചേറ്റി, മൺകലം, ഈറ്റമുറം, വട്ടി, കുട്ട തുടങ്ങിയവയെല്ലാം തെള്ളിയൂർക്കാവിൽ ലഭ്യമാണ്. വീട്ടുപകരണങ്ങളുടെയും ഫർണിച്ചറുകളുടെയും വൻ ശേഖരവും എത്തിയിട്ടുണ്ട്.
കളിപ്പാട്ടങ്ങൾ, ബെഡ്ഷീറ്റുകൾ. മറ്റു വസ്ത്രങ്ങൾ, ചെരുപ്പ് തുടങ്ങി എല്ലാത്തരം സാധനങ്ങളും മേളയിൽ ലഭ്യമാണെന്നതാണ് പ്രത്യേകത. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ഇത്തവണത്തെ മേള. സമീപത്ത് വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൃശ്ചികം ഒന്നിന് ആരംഭിച്ച മേള ഡിസംബർ ഒന്നുവരെ തുടരും.