നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം:അന്വേഷണസംഘം കോളജിൽ എത്തി
1480365
Tuesday, November 19, 2024 7:48 AM IST
പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്സിംഗ് കോളജിലെ നാലാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശി അമ്മു എ. സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെയും സഹപാഠികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്ന നിലപാടിലാണ് കോളജ് അധികൃതർ. അമ്മു ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും ഉൾപ്പെടെ മൊഴി നൽകി. കോളജിലുണ്ടായ പ്രശ്നങ്ങൾ സംസാരിച്ചു പരിഹരിച്ചതാണെന്നും അവർ പറഞ്ഞു.
ആരോപണ വിധേയരായ വിദ്യാർഥിനികളെയും അടുത്ത ദിവസം പോലീസ് ചോദ്യം ചെയ്തേക്കും. ഇവർ നിലവിൽ അവരുടെ വീടുകളിലാണ്. രക്ഷിതാക്കളുടെ അനുമതി വാങ്ങി അവരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. അമ്മുവിന്റെ മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കും.
സഹപാഠികള്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന അമ്മുവിന്റെ പിതാവിന്റെ പരാതി ലഭിച്ചിരുന്നെന്നും അതിൽ അന്വേഷണം നടത്തി ആരോപണ വിധേയരായ മൂന്നു കുട്ടികള്‍ക്ക് മെമ്മോ നല്‍കിയിരുന്നുവെന്നും പ്രിന്‍സിപ്പൽ അബ്ദുള്‍ സലാം പറഞ്ഞു.
ഈ നാലു കുട്ടികളും സുഹൃത്തുക്കളായിരുന്നു. കോളജിന്റെ ഭാഗത്തുനിന്നുള്ള നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നുവെന്നും പ്രിന്‍സിപ്പൽ പറഞ്ഞു.
കഴിഞ്ഞ 27നാണ് അമ്മുവിന്റെ പിതാവ് സജീവിന്റെ പരാതി ലഭിച്ചത്. 28നു രാവിലെ 9.30ന് നാലുപേരെയും വിളിച്ചുവരുത്തി. ഒരു പ്രശ്നവുമില്ലെന്ന് എഴുതി നല്‍കിയാണ് അവര്‍ മടങ്ങിയത്. ഇതില്‍ ഒരു കുട്ടിയുടെ ലോഗ്ബുക്ക് കാണാനില്ലെന്ന് കഴിഞ്ഞ ഏഴിന് പരാതി വന്നിരുന്നു. അതിനുശേഷമാണ് ടൂര്‍ സംബന്ധിച്ച തര്‍ക്കം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
അമ്മുവിന് ആത്മഹത്യ ചെയ്യാന്‍ തക്കതായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ക്ലാസ് ടീച്ചര്‍ സ്മിത ഖാന് പറഞ്ഞു. കുട്ടികള്‍ നാലും ഉറ്റ ചങ്ങാതിമാരായിരുന്നു. പ്രശ്നങ്ങള്‍ ക്ലാസില്‍ തന്നെ പറഞ്ഞുതീര്ത്തിരുന്നുവെന്നും സ്മിത പറയുന്നു.
കഴിഞ്ഞ് 15നു രാത്രി ഏഴിനാണ് വെട്ടിപ്പുറത്തെ സ്വകാര്യ ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്കു വീണ നിലയിൽ അമ്മുവിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. അമ്മുവിന്റേതായി ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഡയറിയുടെ താളില്‍ ഐ ക്വിറ്റ് എന്ന് എഴുതിയിരുന്നു.
മൂന്നു സഹപാഠികള്‍ അമ്മുവിനെ പീഡിപ്പിക്കുന്നുവെന്ന് കാട്ടി പിതാവ് സജീവ് നല്കിയ പരാതിയില്‍ നടപടിയെടുത്തിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇത് നിഷേധിക്കുകയാണ് അമ്മുവിന്റെ കുടുംബം. ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിന്റെ ജീവനുവരെ ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അധ്യാപകരില്‍ ചിലരും ഇതിന് ഒത്താശ ചെയ്തിരുന്നുവത്രേ. പിതാവ് സജീവ് നേരിട്ട് കോളജിലെത്തിയാണ് പരാതി നല്‍കിയത്.
മൈഗ്രേന് പോലുളള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വലഞ്ഞിരുന്ന അമ്മുവിനെ ആ സമയം സഹപാഠികളായ മൂന്നു കുട്ടികള്‍ പല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നുവത്രേ. സ്റ്റഡി ടൂറിനു പോകാന്‍ തയാറാകാതിരുന്ന അമ്മുവിനെ ടൂര്‍ കോ-ഓര്‍ഡിനേറ്ററാക്കി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു.