റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ഇന്ന്
1480362
Tuesday, November 19, 2024 7:48 AM IST
പത്തനംതിട്ട: കഴിഞ്ഞ രണ്ടു മാസം റേഷൻ വിതരണം ചെയ്തതിന്റെ വേതനം വ്യാപാരികൾക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കടകളടച്ച് താലൂക്ക് കേന്ദ്രങ്ങളിലും, സപ്ലൈ ഓഫീസ് പടിക്കലും ധർണ നടത്തുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പറഞ്ഞു.
കോവിഡ്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ നൽകാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടുപോലും പൂർണമായി നൽകിയില്ല. 2018ൽ കേരളത്തിൽ നിലവിൽ വന്ന ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാനത്ത് റേഷൻ വിതരണം തുടങ്ങിയപ്പോൾ റേഷൻ വ്യാപാരികൾക്ക് പ്രഖ്യാപിച്ച വേതന പാക്കേജിലെ അപാകതകൾ ആറുമാസത്തിനകം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നത് നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓണത്തിന് പ്രഖ്യാപിച്ച ഫെസ്റ്റിവൽ അലവൻസും നൽകിയില്ല. പൊതുവിതരണ രംഗത്തെ പാടെ അവഗണിക്കുന്ന നയമാണ് ധനകാര്യ വകുപ്പ് എടുക്കുന്നതെന്നും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുവാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ജോൺസൺ വിളവിനാൽ പറഞ്ഞു.