ഗുരു നിത്യചൈതന്യയതി ജന്മശതാബ്ദി ആഘോഷം ഇന്നുമുതൽ
1480652
Wednesday, November 20, 2024 7:46 AM IST
പത്തനംതിട്ട: കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ 23വരെ ഗുരു നിത്യചൈതന്യയതിയുടെ ജന്മശതാബ്ദി ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്നു വൈകുന്നേരം നാലിന് കോന്നി മുറിഞ്ഞകല്ലിൽ യതി സ്ഥാപിച്ച വിദ്യാനികകേതൻ ആശ്രമത്തിൽ ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കമാകും. ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത യതി സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്യും. യതിയുടെ ശിഷ്യൻ പ്രമുഖ ചിത്രകാരൻ പ്രമോദ് കുരമ്പാല വരച്ച നിത്യചൈതന്യ യതിയുടെ ഛായാ ചിത്രം സ്വാമി ത്യാഗീശ്വരനിൽനിന്നു ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഏറ്റുവാങ്ങും. ഛായാചിത്രം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജന്മ ശതാബ്ദി സാഹിത്യോത്സവം നടക്കുന്ന പത്തനംതിട്ട ടൗൺ ഹാളിൽ വൈകുന്നേരം സ്ഥാപിക്കും.
നാളെ രാവിലെ 10.30ന് ടൗൺ ഹാളിൽ ആരംഭിക്കുന്ന പുസ്തകോത്സവം രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. പഴകുളം മധു അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ജന്മശതാബ്ദി സാഹിത്യോത്സവം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എ.വി. ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും.
നാളെ രാവിലെ മുതൽ സെമിനാർ, പുസ്തക ചർച്ച, ചിത്ര രചനാ ക്യാമ്പ്, കവിയരങ്ങ് എന്നിവയും സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കും. വിവിധ സെഷനുകളിൽ റവ. ഡോ. കെ.എം.ജോർജ്, രാജീവ് ശിവശങ്കർ, ചലച്ചിത്ര സംവിധായകൻ ഡോ. ബിജു, ഡോ വി.സുജാത, ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ, ഡോ. ജോബിൻ ചാമക്കാല, റവ. ഡോ. മാത്യു ദാനിയേൽ, ഡോ. പഴകുളം സുഭാഷ്, രവിവർമ തമ്പുരാൻ, ഡോ. നിബുലാൽ വെട്ടൂർ, ഡോ. മണക്കാല ഗോപാലകൃഷ്ണൻ, ഡോ. റോയ്സ് മല്ലശേരി തുടങ്ങിയവർ പങ്കെടുക്കും.
23നു കവിയരങ്ങ് മുൻമന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ജന്മശതാബ്ദി സമാപന സമ്മേളനം കെപിസിസി പ്രസിഡനറ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിക്കും. ജില്ലയിൽനിന്നുള്ള എഴുത്തുകാരെ ആന്റോ ആന്റണി എംപി ആദരിക്കും.
വൈസ് ചെയർമാൻ പഴകുളം മധു, ജില്ലാ കോ -ഓർഡിനേറ്റർ ജി.രഘുനാഥ്, കെ. ജാസിംകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.