ശബരിമല ദര്‍ശനം : കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക പരിഗണന
1480367
Tuesday, November 19, 2024 7:48 AM IST
ശബരിമല: സന്നിധാനത്തെത്തുന്ന മുതിര്‍ന്ന അയ്യപ്പന്മാര്ക്കും മാളികപ്പുറങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന നല്കാന് നിര്‍ദേശം. വലിയ നടപ്പന്തലില്‍ ഒരു വരി അവര്‍ക്കായി ഒഴിച്ചിട്ടിട്ടുണ്ട്. കൂടാതെ പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ഇവരെ ഫ്ളൈ ഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനത്തിന് അനുവദിക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാളെയും നേരിട്ട് ദര്‍ശനത്തിനായി കടത്തിവിടുന്നുമുണ്ട്.
സംഘമായി എത്തുന്ന ഭക്തര്‍ കൂട്ടം തെറ്റിപ്പോകുമോ എന്ന ഭയത്താല്‍ പലപ്പോഴും ഇങ്ങനെയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മടിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ചോറൂണിനുള്‍പ്പെടെ കൊച്ചുകുട്ടികളുമായി ഒട്ടേറെ ഭക്തരാണ് സന്നിധാനത്തെത്തുന്നത്. പതിനെട്ടാംപടി കയറുന്ന അവസരത്തിലും കുഞ്ഞുങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പോലീസ് പ്രത്യേക ശ്രദ്ധ നല്കുന്നു.
പതിനെട്ടാംപടിയില്‍ പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഒരേസമയം 45 പോലീസുകാരെയാണ് പതിനെട്ടാംപടിയിൽ ഭക്തരെ പടിചവിട്ടാൻ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. ഓരോ 15 മിനിറ്റിലും ഇവരെ മാറ്റിക്കൊണ്ടിരിക്കും. ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സൗകര്യപ്രദമായി ജോലി ചെയ്യാനുതകുന്ന വിധത്തിൽ ലാഡർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഇത് ഒരുക്കിയതോടെ കൂടുതൽ ഭക്തരെ ഒരേ സമയം പടി കയറ്റിവിടാനാകുന്നുണ്ട്.
മുൻപ് ഒരു കൈ വടത്തിൽ പിടിച്ച് മറുകൈ കൊണ്ടു വേണമായിരുന്നു പോലീസുകാർക്ക് അയ്യപ്പൻമാരെ സഹായിക്കാനെങ്കിൽ ഇപ്പോൾ രണ്ടു കൈകൊണ്ടും പടികയറാൻ സഹായിക്കാൻ കഴിയുന്നു.
വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് എത്തുന്നവരായതിനാല്‍ ഓരോദിവസത്തെയും തിരക്ക് മുന്‍കൂട്ടി അറിയാനാകും. ഇതിലൂടെ നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കിയാണ് പോലീസ് നീങ്ങുന്നത്.
ഭക്തരെ സഹായിക്കാൻ പോലീസ് സംഘം
അയ്യപ്പന്മാരെ സഹായിക്കാനും സുരക്ഷയ്ക്കുമായി സന്നിധാനത്ത് വൻ പോലീസ് സംഘം. ശബരിമല സ്പെഷൽ ഓഫീസറുടെ നേതൃത്വത്തിൽ ഒരു അഡീഷണൽ എസ്പി, ഒരു എഎസ്ഒ,എട്ട് ഡിവൈഎസ്പിമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. 11 സർക്കിൾ ഇൻസ്പെക്ടർമാർ, 33 സബ് ഇൻസ്പെക്ടർമാ, 980 പോലീസുകൾ എന്നിവരു സംഘത്തിലുണ്ട്.
കൂടാതെ ബോംബ് ഡിറ്റെക്ഷൻ സ്ക്വാഡ്, സായുധ കമാൻഡർമാർ, എൻഡിആർഎഫ്, ദ്രുതകർമസേന തുടങ്ങിയവയും പ്രവർത്തിക്കുന്നു.