മയക്കുമരുന്നുമായി ആസാം സ്വദേശി പിടിയിൽ
1480895
Thursday, November 21, 2024 7:45 AM IST
തിരുവല്ല: ബ്രൗണ്‍ഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളി എക്സൈസിന്റെ പിടിയിലായി. ആസാം സ്വദേശി ചെയ്ബുര്‍ റഹ്മാനാണ് (32) കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവല്ല ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് തിരുവല്ല അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ നാസറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
700 മില്ലിഗ്രാം ബ്രൗണ്‍ഷുഗറും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. അജയകുമാര്‍, പ്രിവന്റീവ് വിജയദാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാഹുല്‍ സാഗര്‍, റഫീഖ്, ഷീജ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. കുറേ നാളായി തിരുവല്ല ഭാഗത്ത് ജോലി ചെയ്തുവരികയായിരുന്ന ഇയാൾ നാട്ടില്‍പ്പോയി അവിടെനിന്നും സംഘടിപ്പിച്ച മയക്കുമരുന്നുമായി ട്രെയിന്മാർഗമെത്തി ബസിൽ പോകാൻ കാത്തുനിൽക്കുന്പോഴാണ് കുടുങ്ങിയത്.