കുറ്റൂർ റെയിൽവേ അടിപ്പാത: വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം പാളി
1480355
Tuesday, November 19, 2024 7:38 AM IST
തിരുവല്ല: മഴക്കാലത്തെ വെള്ളക്കെട്ട് കാരണം വാഹനയാത്ര തടസപ്പെടുന്ന കുറ്റൂർ റെയിൽവേ അടിപ്പാതയിൽ വീണ്ടും പണികൾ. നാളെ പണികൾ ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അടിപ്പാത മൂന്നാഴ്ചത്തേക്ക് അടച്ചിടും.
തിരുവല്ലയുടെ ഔട്ടർ ബൈപാസായി ഉപയോഗിക്കുന്ന റോഡിലെ റെയിൽവേ അടിപ്പാതയുടെ നിർമാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിനു കാരണമാകുന്നത്. നാലു വർഷമായി അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു. ഏറ്റവുമൊടുവിൽ അടിപ്പാതയ്ക്കു ഗേറ്റ് സ്ഥാപിച്ച് മഴക്കാലത്ത് വാഹനഗതാഗതം തടയേണ്ടിവന്നു.
കുറ്റൂർ ജംഗ്ഷനിൽനിന്ന് ആരംഭിച്ചു മനയ്ക്കച്ചിറ, കിഴക്കൻ മുത്തൂർ, ചുമത്ര വഴി മുത്തൂർ ജംഗ്ഷനിൽ അവസാനിക്കുന്ന റോഡ് കഴിഞ്ഞയിടെയാണ് 27 കോടി രൂപ മുടക്കി നവീകരിച്ചത്.
അന്പതടി നീളം
റെയിൽവേ അടിപ്പാതകളിൽ ഏറ്റവും നീളമേറിയ പാതയാണ് കുറ്റൂരിലേത്. കോട്ടയംവഴിയുള്ള എറണാകുളം - കായംകുളം റെയിൽപാത ഇരട്ടിച്ചപ്പോഴാണ് കുറ്റൂരിൽ അടിപ്പാത നിർമിച്ചത്. നേരത്തേ ഇവിടെ ലെവൽക്രോസായിരുന്നു. 23 അടി വീതിയിലും 50 അടി നീളത്തിലുമായി ബോക്സ് രൂപത്തിൽ രണ്ടെണ്ണം നിർമിച്ച ശേഷം ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് തള്ളിയാണ് പാത നിർമിച്ചത്. ബോക്സ് നീക്കിയ സമയത്ത് ഇത് ഇരുത്തിപ്പോയതുകൊണ്ടാണ് മഴക്കാലത്ത് അടിപ്പാതയിൽ വെള്ളക്കെട്ട് രൂപം കൊള്ളുന്നതെന്ന് പറയുന്നു.
വാഹനങ്ങൾ വെള്ളക്കെട്ട് അറിയാതെ അപകടത്തിൽപ്പെടുന്നതും തകരാറിലാകുന്നതും പതിവാണ്. കഴിഞ്ഞവർഷം കാറിൽ സഞ്ചരിക്കുകയായിരുന്ന ഒരു കുടുംബം വെള്ളക്കെട്ടിൽ അകപ്പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. സമാനമായ സാഹചര്യം ഇരുവെള്ളിപ്ര പാതയ്ക്കുമുണ്ട്. വെള്ളക്കെട്ടിനു പരിഹാരമുണ്ടാക്കാനായി ഇതിനോടകം നിരവധി പരീക്ഷണങ്ങൾ റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും പൂർണമായി വിജയിച്ചില്ല.
അടിപ്പാതയിലേക്ക് മഴവെള്ളം എത്തുന്നതു തടയാൻ സമീപന പാതകൾക്ക് റൂഫിംഗ് ഇട്ടു. പിന്നീട് ഓട നിർമിച്ച് വെള്ളം ഒഴുക്കിവിടാൻ ശ്രമമുണ്ടായി. കാൽനടക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയുന്ന നടപ്പാത ഉയർത്തി നിർമിച്ചു. വെള്ളം വറ്റിക്കുന്നതിനായി ശേഷിക്കൂടുതലുള്ള മോട്ടോറുകൾ സ്ഥാപിച്ചു.
റെയിൽവേ ഗേറ്റും കാവൽക്കാരനെയും ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർമിച്ച അടിപ്പാതയ്ക്ക്അടുത്തയിടെ ഗേറ്റ് സ്ഥാപിച്ചും കാവൽക്കാരനെ നിർത്തിയും പുതിയ പരീക്ഷണം നടത്തി.
റെയിൽവേയുടെ ഇടപെടൽ
ഇത്രമാത്രം പരീക്ഷണങ്ങൾ നടത്തിയിട്ടും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാഞ്ഞതിനെത്തുടർന്ന് നാട്ടുകാരും വാഹന യാത്രക്കാരും റെയിൽവേയ്ക്കു നിരവധി പരാതികൾ നൽകി. തുടർന്ന് നാലുമാസം മുമ്പ് റെയിൽവേ റോഡ് സേഫ്റ്റി ചീഫ് എൻജിനിയർ ഹുമാൻഷു ഗോസാമി അടിപ്പാത സന്ദർശിക്കുകയും വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണാൻ അടിയന്തര നിർദേശം നൽകുകയും ചെയ്തു. ഇതേത്തുടർന്നാണ് ഇപ്പോഴത്തെ നിർമാണജോലികളെന്നു പറയുന്നു.
റോഡിലെ കോൺക്രീറ്റും കമ്പിയും ഇളക്കി മാറ്റി വെള്ളം കയറാത്ത വാട്ടർ പ്രൂഫ് കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം. കഴിഞ്ഞവർഷവും ഒരു മാസത്തോളം റോഡ് ഗതാഗതം തടഞ്ഞു നിർമാണപ്രവർത്തനങ്ങൾ നടത്തിയെങ്കിലും വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണാൻ സാധിച്ചില്ല. നിലവിൽ ഫുട്പാത്തിനു മുകളിലൂടെ ചെറിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ഒരടികൂടി വീതി കൂട്ടി നിർമിച്ചാൽ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങ ൾക്കും കടന്നു പോകാൻ സാധിക്കം.
അടിപ്പാത വന്നതോടെ വർഷത്തിൽ നല്ലൊരു പങ്കും കുറ്റൂർ - മനയക്കച്ചിറ റോഡിൽ ഗതാഗതംതന്നെ തടസപ്പെട്ട സാഹചര്യമാണെന്ന് പ്രദേശവാസിയും യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.ആർ. രാജേഷ് പറഞ്ഞു.
സംസ്ഥാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പത്തനംതിട്ട, ചങ്ങനാശേരി ഭാഗങ്ങളിലേക്ക് നിരവധിയാളുകൾ ഇതുവഴി എത്താറുണ്ട്. അടിപ്പാതയ്ക്കു സമീപമെത്തുന്പോഴായിരിക്കും ഗതാഗതതടസം പലരും അറിയുന്നത്. പിന്നീട് ഇവർ തിരിച്ചു പോകേണ്ട സാഹചര്യമാണ്.
പുതിയ നിർമാണത്തിലും വെള്ളക്കെട്ടിനു ശാശ്വതം പരിഹാരം കാണാൻ സാധിക്കുന്നില്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു രാജേഷ് പറഞ്ഞു.