ബ്ലാക്ക്മാൻ ഭീതിപരത്തി മോഷണം: സംഘത്തെ കുടുക്കി പന്തളം പോലീസ്
1480661
Wednesday, November 20, 2024 7:46 AM IST
പത്തനംതിട്ട: ബ്ലാക്ക്മാൻ ഭീതി പരത്തി മോഷണവും കവർച്ചാശ്രമവും നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പന്തളം പോലീസ് പിടികൂടി.
രണ്ടാഴ്ചയായി പന്തളത്തും പരിസരപ്രദേശങ്ങളിലും വിലസിയ സംഘത്തിലെ മൂന്നുപേരെയാണ് പന്തളം പോലീസ് ഇൻസ്പെക്ടർ റ്റി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ കുടുക്കിയത്. പന്തളം കുരമ്പാല സൗത്ത് തെങ്ങും വിളയിൽ വീട്ടിൽ അഭിജിത്ത് (21), സംഘാംഗങ്ങളായ പ്രായപൂർത്തിയാകാത്ത രണ്ട് കൗമാരക്കാർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേകസംഘം നടത്തിയ ഊർജിതമായ അന്വേഷണത്തെത്തുടർന്നാണ് അറസ്റ്റ്. എറണാകുളം, തൃപ്പൂണിത്തുറ, കോട്ടയം , മാവേലിക്കര,നൂറനാട് തുടങ്ങിയ സ്റ്റേഷനുകളിൽ ഇവർക്കെതിരേ വാഹനമോഷണം ഉൾപ്പെടെ നിരവധി മോഷണക്കേസുകളും കവർച്ചാ ശ്രമകേസുകളുമുണ്ട്. അഭിജിത്തിന്റെ പേരിൽ പോക്സോ കേസും നിലവിലുണ്ട്. പിടിയിലായ കൗമാരക്കാർക്കെതിരേ ആറ് മൊബൈൽഫോണും രണ്ട് സ്മാർട്ട് വാച്ചും മോഷ്ടിച്ചതിനും എറണാകുളത്തുനിന്ന് വിലകൂടിയ പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ച് കടത്തിയതിനും ബൈക്ക് മോഷണത്തിനും ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുണ്ട്.
ബ്ലാക്ക്മാൻ ഭീതി പരത്തി അർധരാത്രിക്കുശേഷം പുറത്തിറങ്ങുന്ന സംഘം പുലരുവോളം വാഹനത്തിൽ കറങ്ങിനടന്ന് റബർഷീറ്റും മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുവകകളും ബൈക്കുകളും മറ്റും മോഷ്ടിക്കുകയാണ് രീതി.
ഒരാഴ്ചയ്ക്കിടെ പന്തളം പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി വീടുകളിൽ ഇവർ മോഷണശ്രമം നടത്തി ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരുന്നു. സ്ഥിരമായി കഞ്ചാവും മദ്യവുമുപയോഗിക്കുന്ന കുട്ടികളടക്കമുളള കവർച്ചാസംഘം തൃപ്പൂണിത്തുറയിൽ നിന്നും മോഷ്ടിച്ച പൾസർ ബൈക്കിൽ കറങ്ങി പതിനഞ്ചിന് അർധരാത്രി പന്തളം കീരുകുഴി സെന്റ് ജോർജ് പള്ളിയുടെ വഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ചു.
കൗമാരക്കാരായ സംഘാംഗങ്ങളെ രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരോട് പ്രകോപനപരമായാണ് പ്രതികരിച്ചത്. കുറ്റകൃത്യങ്ങളിൽ ഇവരുടെ പങ്കാളിത്തം കൃത്യമായി തിരിച്ചറിഞ്ഞ പോലീസ്, ഇവരെ നിരീക്ഷിച്ചുകൊണ്ട് നിരന്തരം പിന്തുടർന്നു. ഏറെ ശ്രമകരമായ നീക്കത്തിൽ മോഷ്ടിച്ച വാഹനവുമായി ഒളിച്ചിരുന്ന പന്തളത്തെ ഒരു വീട്ടിൽ നിന്നും സാഹസികമായി സംഘത്തെ കീഴ്പ്പെടുത്തുകയായിരു ന്നു. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാർ, പന്തളം എസ് എച്ച്ഒ റ്റി.ഡി.പ്രജീഷ് ,എസ് ഐ അനീഷ് ഏബ്രഹാം, തുടങ്ങിയവരാണ് സംഘത്തെ കുടുക്കിയത്.