തണ്ണിത്തോട് വില്ലേജ് പട്ടയം അദാലത്ത് ഇന്ന്
1480349
Tuesday, November 19, 2024 7:38 AM IST
കോന്നി: നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി തണ്ണിത്തോട് വില്ലേജിലെ പട്ടയം അദാലത്ത് തണ്ണിത്തോട് മൂഴി എസ്എൻഡിപി ഹാളിൽ ഇന്നു രാവിലെ 10.30നു ചേരുമെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
അദാലത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി, വ്യവസായി സംഘടനാ പ്രതിനിധികൾ, വിവിധ സാമുദായിക സംഘടന പ്രതിനിധികൾ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
കോന്നി നിയോജകമണ്ഡലം പട്ടയം അസംബ്ലിയിൽ വിതരണം ചെയ്ത അപേക്ഷാഫോറം ഭൂമി കൈവശക്കാർ പൂരിപ്പിച്ച് അദാലത്തിൽ സമർപ്പിക്കണം.
പട്ടയം നൽകുന്ന നടപടികളുടെ ഭാഗമായി ഡിജിറ്റൽ സർവേ തണ്ണിത്തോട് വില്ലേജിൽ പൂർത്തീകരിക്കും.
ഡിജിറ്റൽ സർവേയുടെയുടെ ഭാഗമായി തണ്ണിത്തോട് വില്ലേജിലെ എല്ലാ സർവേ നമ്പറുകളിലെ ഭൂമിയും സർവേ ചെയ്യും.
യോഗത്തിൽ ഡിജിറ്റൽ സർവേ ചെയ്ത ഭൂമിയുടെ വിശദാംശങ്ങളും പരിശോധിക്കും. ഡിജിറ്റൽ സർവേ ആരംഭിച്ചിട്ടില്ലാത്ത കൈവശക്കാരുടെ ഭൂമിയിൽ സർവേ നടത്തുന്നതിന് ആവശ്യമായ നടപടികളും തണ്ണിത്തോട്ടിൽ നടക്കുന്ന റവന്യു,ഡിജിറ്റൽ സർവേ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അദാലത്തിൽ തീരുമാനിക്കും.
നിയോജക മണ്ഡലത്തിലെ ഇനിയും പട്ടയം ലഭിക്കുന്നതിനുള്ള മുഴുവൻ അപേക്ഷകരുടെയും വിവരശേഖരണം വില്ലേജ് അടിസ്ഥാനത്തിൽ നടത്തുന്നതിനായാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിനാണ് നിയോജക മണ്ഡലത്തിൽ പരിഹാരമാകുന്നത്.