പാചകവാതക സിലിണ്ടറുകളുമായികിടന്ന ലോറിക്കും സ്കൂൾ ബസിനും തീപിടിച്ചു
1461078
Tuesday, October 15, 2024 12:08 AM IST
പത്തനംതിട്ട: നഗരത്തിൽ പാചക വാതക സിലിണ്ടർ ഗോഡൗണിനു മുന്പിൽ നിറ സിലിണ്ടറുകൾ കയറ്റി പാർക്ക് ചെയ്തിരുന്ന ലോറിക്ക് തീ പിടിച്ചു. ലോറിയുടെ കാബിൻ പൂർണമായി കത്തിനശിച്ചു. ഗ്യാസ് ഏജൻസി ജീവനക്കാരുടെയും ഫയർഫോഴ്സിന്റെയും സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. തൊട്ടുപിന്നാലെ സമീപത്തെ സ്വകാര്യ സ്കൂളിന്റെ ബസും അഗ്നിക്കിരയാക്കി. രണ്ടു സ്ഥലങ്ങളിലും ഒരാൾ വാഹനങ്ങൾക്കു തീ വയ്ക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽനിന്ന് കണ്ടെടുത്തു.
ഒരേ ഭാഗത്തുനിന്ന് രണ്ട് ഫയര്‍ കോള്‍ എത്തിയതില്‍ അസ്വാഭാവികത തോന്നിയ ഫയര്‍ഫോഴ്സ് നടത്തിയ സിസിടിവി പരിശോധനയിലാണ് വന്‍ അട്ടിമറിക്കുള്ള നീക്കം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 11.10 നും 12.30 നും മധ്യേയാണ് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ഹാളിനോടു ചേർന്ന ഭാഗത്തു സ്ഥിതി ചെയ്യുന്ന സരോജ് ഗ്യാസ് ഏജൻസി കോന്പൗണ്ടിൽ കിടന്ന ലോറിക്കു തീ പിടിച്ചത്.
കെഎല്‍ 03 എഎഫ് 7117 അശോക് ലെയ് ലാന്‍ഡ് ദോസ്ത് വാഹനത്തിന്റെ ക്യാബിനാണ് തീപിടിച്ചത്. അഗ്നിശമന സേന സംഭവസ്ഥലത്ത് എത്തുന്നതിനു മുന്‍പ് ജീവനക്കാര്‍ എക്സ്റ്റിംഗ്യൂഷറും വെള്ളവും ഉപയോഗിച്ച് തീ കെടുത്തിയിരുന്നു. വാഹനത്തിന്റെ കാബിൻ അഗ്നിക്കിരയായി. ഗ്യാസ് ഏജൻസിയുടെ ഗോഡൗണിനു മുന്പിലായാണ് ലോറി പാർക്ക് ചെയ്തിരുന്നത്. ഇതിൽ നിറ സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്. ഗോഡൗണിന്റെ ഷട്ടറിലേക്കു പുക പടർന്നിട്ടുണ്ട്. അപകടത്തിനിരയായ ലോറി ജീവനക്കാർ ബാറ്ററി ബന്ധം വിച്ഛേദിച്ച് പാർക്ക് ചെയ്തിരുന്ന സ്ഥലത്തു നിന്നു മാറ്റുകയും ചെയ്തു.
മാക്കാംകുന്ന് - കരിന്പനാംകുഴി റോഡരികിൽ എവര്‍ഷൈന്‍ റസിഡന്‍ഷല്‍ സ്കൂളിന്റെ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂള്‍ ബസിനു തീപിടിച്ചു. കെഎല്‍-03 1392 വാഹനത്തിനു രാത്രി 12.50 ന് തീ പിടിച്ചതായി ഫയർഫോഴ്സിൽ വിവരം ലഭിക്കുകയായിരുന്നു. സേന സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ഉള്ളില്‍ മുഴുവനായി തീ പടര്‍ന്നിരുന്നു. സേന എംടിയുവിന്റെ പമ്പ് പ്രവര്‍ത്തിപ്പിച്ച് ഫോം ഉപയോഗിച്ച് പൂർണമായി തീ കെടുത്തിയെങ്കിലും ബസ് കത്തി നശിച്ചു. സമീപത്ത് മറ്റു സ്കൂള്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നു. തീ അണച്ച ശേഷം ബാറ്ററി ബന്ധം വിച്ഛേദിച്ച് കൂടുതൽ അപകടം ഒഴിവാക്കി.
രണ്ട് തീപിടിത്തങ്ങളും 200 മീറ്റർ ചുറ്റളവിൽ
ഒരു മണിക്കൂറിനുള്ളില്‍ 200 മീറ്റർ ചുറ്റളവിൽ നഗരത്തിൽ രണ്ട് തീപിടിത്തങ്ങൾ സമാനമായ സാഹചര്യത്തിൽ ഉണ്ടായതാണ് ദുരൂഹത വർധിപ്പിച്ചത്. ജില്ലാ ഫയര്‍ ഓഫീസര്‍ ബി.എം. പ്രതാപചന്ദ്രന്റെ നിര്‍ദേശത്തേതുടര്‍ന്ന് ഇന്നലെ രാവിലെ എട്ടിന് എവർഷൈൻ സ്കൂളില്‍ എത്തി ഫയർഫോഴ്സ് സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ രാത്രി 12.07 ന് ഒരാള്‍ സ്കൂള്‍ വാഹനത്തിന് തീയിടുന്നതായി കണ്ടെത്തുകയും ചെയ്തു. രണ്ട് തീപിടിത്തങ്ങളും സാഹചര്യത്തെളിവുകളും സമാന രീതിയിലാണ്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആരോ തീ ഇട്ടതാണെന്ന നിഗമനത്തിലാണ് ഫയർഫോഴ്സ് എത്തിയത്. തുടർന്ന് പത്തനംതിട്ട പോലീസിലും വിവരം അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.