ത്രിപുര സ്വദേശികളെ ചേർത്തുപിടിച്ച് ടിഎംഎം ആശുപത്രി
1458736
Friday, October 4, 2024 2:32 AM IST
തിരുവല്ല: ത്രിപുരയിൽനിന്ന് തങ്ങളുടെ കുഞ്ഞിന്റെ മുച്ചിറിക്ക് ചികിത്സ തേടി ചെന്നൈയിൽ എത്തിയ പ്രണബ് ദേബ്നാഥിനും ഭാര്യ മൗമിതാ സർക്കാരിനും ലഭിച്ചത് ഒരു വർഷത്തിനുശേഷം ഡോക്ടറെ കാണാനുള്ള അനുമതി. നിരാശയോടെ മറ്റൊരു മികച്ച ആശുപത്രിക്കായി അന്വേഷണം നടത്തിയ അവർക്കു മുന്നിലേക്കെത്തിയത് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ പേരായിരുന്നു.
ഒരാഴ്ചക്കു ശേഷം ത്രിപുരയ്ക്ക് മടങ്ങിയത് കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖവുമായിട്ടായിരുന്നു. മുഖ സൗന്ദര്യ ശസ്ത്രക്രിയയിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി പുതിയ മുഖം തുറന്നതോടെ മാക്സിലോഫേഷ്യൽ സർജറിയിലെ ഉന്നത നിലവാരത്തിലുള്ള ചികിത്സകൾ ഇനി മുതൽ തിരുവല്ലയിൽ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മുഖസൗന്ദര്യത്തിനു കോട്ടം വരുത്തുന്ന രീതിയിൽ മൂക്ക്, ചെവി, വായ്, താടി, തുടങ്ങിയ അവയവങ്ങളിലുണ്ടാകുന്ന വിവിധ വൈകല്യങ്ങൾ നൂതന സജ്ജീകരണങ്ങളും വിവിധ ഡിപ്പാർട്മെന്റുകളുടെ ഏകീകരിച്ചുള്ള ചികിത്സയും വഴി പരിഹരിക്കുവാനുള്ള സൗകര്യങ്ങൾ തിരുവല്ല മെഡിക്കൽ മിഷനിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡോ. പി.സി. മാത്യുവിന്റെ നേതൃത്വത്തിൽ ഉള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ആശുപത്രിയിലുള്ളത്.