അങ്കണവാടിക്ക് ചുറ്റുമതിൽ നിർമിക്കണം; കോഴഞ്ചേരിയിൽ മെംബറുടെ ഒറ്റയാൾ സമരം
1458726
Friday, October 4, 2024 2:28 AM IST
കോഴഞ്ചേരി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ സ്വതന്ത്രാംഗം കുത്തിയിരിപ്പുസമരം നടത്തി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പിനെതിരേയാണ് ഒന്നാം വാര്‍ഡ് മെംബര്‍ ടി.ടി. വാസു ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസിനുമുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. തന്റെ വാര്‍ഡിലെ അങ്കണവാടിയുടെ ചുറ്റുമതില്‍ നിർമിക്കുന്നതിനാവശ്യമായ തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
അങ്കണവാടികളുടെ നവീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഫണ്ടില്‍ നിന്നും കിട്ടിയ 16 ലക്ഷം രൂപ എല്ലാവാര്ഡിലേക്കും വീതിച്ചു നല്‍കിയതായും ഒന്നാം വാര്‍ഡിലെ അങ്കണവാടിക്ക് ചുറ്റുമതിൽ നിർമിക്കുന്നതിന് ആദ്യഘട്ടമെന്ന നിലയില്‍ 1.75 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നല്‍കിയത് പൂര്‍ത്തിയായിരിക്കുകയാണെന്നും പ്രസിഡന്റ് റോയി ഫിലിപ്പ് പറഞ്ഞു.
പ്രസിഡന്റിനൊപ്പം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. മനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബിജിലി പി. ഈശോ, ബിജോ പി. മാത്യു എന്നിവർ വാസുവുമായി ചർച്ച നടത്തി സമരം അവസാനിപ്പിച്ചു.
അങ്കണവാടിയുടെ ചുറ്റുമതിൽ പൂർത്തീകരിക്കുന്നതിനാവശ്യമായ തുക അടുത്ത സാന്പത്തികവർഷം അനുവദിച്ചുനല്‍കാമെന്ന് പ്രസിഡന്റ് ഉറപ്പു നൽകി. സമരത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും വാർഡിലെ പൊതുആവശ്യത്തിനുവേണ്ടിയാണ് സമരം ചെയ്തതെന്നും ടി.ടി. വാസു പറഞ്ഞു.