ചരിത്രമുറങ്ങുന്ന തിരുവല്ലയുടെ മണ്ണിൽ മിശിഹാനുകരണ സന്യാസിനീ സമൂഹത്തിന്റെ ശതാബ്ദി ഉദ്ഘാടനം
1454273
Thursday, September 19, 2024 2:50 AM IST
തിരുവല്ല: മിശിഹാനുകരണ സന്യാസിനീസമൂഹത്തിന്റെ ശതാബ്ദി ഉദ്ഘാടനം, ആദ്യ മഠവും ബഥനി സിസ്റ്റേഴ്സ് ജനറലേറ്റും സ്ഥാപിക്കപ്പെട്ട തിരുവല്ലയിൽ നടന്നത് ചരിത്ര നിയോഗമായി.
100 വർഷങ്ങളുടെ ദീപ്തസ്മരണയിൽ തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്തിലും മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും സഹകാർമികത്വത്തിലും കൃതജ്ഞതാബലി അർപ്പിക്കപ്പെട്ടു.
മിശിഹാനുകരണ സന്യാസിനീസമൂഹത്തിലെ അംഗങ്ങൾ പ്രാർഥനയോടെ ശുശ്രൂഷകളിൽ പങ്കെടുത്തു. സന്യാസിനീ സമൂഹത്തിന്റെ ചരിത്രവും പ്രതിബദ്ധതയുടെ നൂറുവർഷങ്ങളും അനുസ്മരിച്ച് പ്രൗഢഗംഭീരമായാണ് ശതാബ്ദി ഉദ്ഘാടന സമ്മേളനം ക്രമീകരിച്ചത്.
ചെങ്ങരൂർ സെന്റ് തെരേസാസ് സ്കൂളിന്റെ ബാൻഡ് സെറ്റ്, പ്രയർഡാൻസ്, മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിന്റെ ഡിസ്പ്ലേ, 100 സിസ്റ്റേഴ്സ് ആലപിച്ച ജൂബിലി ഗാനം തുടങ്ങിയവ പൊതുസമ്മേളനത്തിന്റെ മാറ്റുകൂട്ടി.