ആറന്മുളയിൽ സ്ഥിരമായ പവലിയൻ: മന്ത്രി ബാലഗോപാൽ
1454268
Thursday, September 19, 2024 2:50 AM IST
ആറന്മുള: ആറന്മുള വള്ളംകളിക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ആറന്മുള ഉത്രട്ടാതി ജലോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വള്ളംകളി വീക്ഷിക്കുന്നതിനു സ്ഥിരമായ പവലിയൻ നിർമിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കും. അണിയിച്ചൊരുക്കിയ പള്ളിയോടങ്ങൾ പ്രൗഢിയോടെ പമ്പയാറ്റിൽ ഒഴുകി നടക്കുന്നത് ഏറെ മനോഹരമായ കാഴ്ചയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയുള്ള ചടങ്ങുകളും ഒരുമയോടെ വള്ളംതുഴയുന്നതുമൊക്കെ പഴമയുടെ ഓർമകൾ ഉണർത്തുന്നു. കേരളത്തിന്റെ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ് വള്ളംകളിയെന്നും മന്ത്രി പറഞ്ഞു.