ഉത്രട്ടാതി ജലോത്സവം: ജലനിരപ്പ് ക്രമീകരിക്കാൻ പ്രത്യേക സംവിധാനം
1453184
Saturday, September 14, 2024 2:54 AM IST
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവ ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുന്നതിലേക്ക് ഔദ്യോഗികതല ക്രമീകരണങ്ങൾ ആരംഭിച്ചു. ക്രമസമാധാനപാലനവും സുരക്ഷയും ഉറപ്പാക്കാനായി പോലീസിന്റെ 650 അംഗ സേനയെ വിന്യസിക്കും. പള്ളിയോട സേവാ സമിതിയുമായി ചേര്‍ന്ന് ബോട്ട് പട്രോളിംഗ് സുശക്തമാക്കും. 17, 18 തീയതികളില്‍ പമ്പാ നദിയിലെ ജലവിതാനം ക്രമീകരിച്ചു നിലനിര്‍ത്തുന്നതിന് പമ്പ ഇറിഗേഷന്‍ പ്രോജക്ട് നടപടി സ്വീകരിക്കണം.
ആറന്മുളയിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യം, നിരോധിത ലഹരി വസ്തുക്കള്‍ എന്നിവയുടെ വില്പന തടയുന്നതിന് എക്സൈസ് വകുപ്പ് പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കണം. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ജല അഥോറിറ്റി ഉറപ്പാക്കും.
കോഴഞ്ചരിയിലെ ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സേവനവും അധിക കിടക്കകളും ആരോഗ്യവകുപ്പ് ഒരുക്കും. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുഖാന്തിരം ക്ലോറിനേഷന് നടത്താനും നിർദേശം നൽകി. ആംബുലന്‍സ് സേവനവും ഉറപ്പാക്കും.
ജില്ലയിലെ വിവിധ ഡിപ്പോകളില്‍നിന്നും ചെങ്ങന്നൂര്‍ ഡിപ്പോയില്‍നിന്നും അധിക ബസ് സര്‍വീസുകള്‍ ക്രമീകരിക്കണം. മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, ആറന്മുള, കോയിപ്രം ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഹരിതകര്‍മ സേനയെ വിന്യസിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
പമ്പയാറ്റിലെ സ്റ്റാര്‍ട്ടിംഗ് പോയിന്റിലും മറ്റും നീക്കപ്പെടാതെ കിടക്കുന്ന മണല്‍പുറ്റുകള്‍ ജലസേചന വകുപ്പ് അടിയന്തരമായി നീക്കം ചെയ്യാൻ നിർദേശം നൽകി. വാര്യാപുരം ജംഗ്ഷനിലെ റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കും.
ജലോത്സവുമായി ബന്ധപ്പെട്ട് അടിയന്തരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കോഴഞ്ചേരി, തിരുവല്ല തഹസില്‍ദാര്‍മാരേയും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി അടൂര്‍ ആര്‍ഡിഒയെയും ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കും.