മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിച്ചെന്ന പരാതിയിൽ അന്വേഷണം
1452099
Tuesday, September 10, 2024 2:55 AM IST
പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഇവരുടെ വീടിനുസമീപം താമസിക്കുന്ന അമ്മയും മകളും ചേർന്ന് ശാരീരികമായി ഉപദ്രവിച്ചെന്ന പരാതി ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തിരുവല്ല ഡിവൈഎസ്പിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്.
കുറ്റപ്പുഴ വാരിക്കാട് സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. 2020 ജനുവരി 30-നായിരുന്നു സംഭവം. കുറ്റപ്പുഴ പുന്നക്കുന്നം സ്വദേശി നിഷാ രാജേഷിന്റെ വീട്ടിലേക്ക് പൈപ്പ് കണക്ഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് സംഭവത്തിനുകാരണമായതെന്ന് തിരുവല്ല പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കമ്മീഷനെ അറിയിച്ചു.
പരാതിയിൽ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങൾ നടന്നിട്ടില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും എന്നാൽ എതിർകക്ഷിക്ക് പോലീസ് ശക്തമായ താക്കീത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.