ഉറ്റവരെ കണ്ണീരിലാഴ്ത്തി കപ്പലിൽനിന്ന് കാണാതായ യുവാവിന് ഇന്ന് 25-ാം പിറന്നാൾ
1442119
Monday, August 5, 2024 3:07 AM IST
അമ്പലപ്പുഴ: ഉറ്റവരെ കണ്ണീരിലാഴ്ത്തി കപ്പലില്‍നിന്ന് കാണാതായ യുവാവിന് ഇന്ന് 25ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കാനൊരുങ്ങി ബന്ധുക്കള്‍.
ചരക്കുകപ്പലില്‍നിന്ന് കാണാതായ പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് വൃന്ദാവനം വീട്ടില്‍ ബാബു തിരുമലയുടെ മകന് വിഷ്ണു ബാബുവിന്റെ 25-ാം പിറന്നാളാണിന്ന്. വിഷ്ണുവിനെക്കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭിക്കാതെ ബന്ധുക്കള്‍ ആശങ്കപ്പെടുകയാണ്.
ജൂലൈ 18നാണ് ഒഡീഷയില്‍നിന്ന് ചൈനയിലെ പാരദ്വീപിലേക്ക് പോയ കപ്പലില്‍നിന്ന് വിഷ്ണുവിനെ കാണാതായത്. വിഷ്ണുവിനൊപ്പം ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി അറുമുഖന്റെ ഫോണില്‍നിന്ന് ജൂലൈ 17ന് രാത്രി വിഷ്ണു വീട്ടിലേക്ക് വിളിച്ചിരുന്നു.
തുടര്‍ന്ന് അടുത്ത ദിവസം രാവിലെ സെക്കന്റ് ക്യാപ്റ്റന്‍ കപ്പലില്‍ വിളിച്ചു ചേര്‍ത്ത മീറ്റിംഗില്‍ വിഷ്ണു ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത്. യാത്രാമധ്യേ സിങ്കപ്പൂര്‍ പോര്‍ട്ടില്‍ ഇന്ധനം നിറയ്ക്കുന്നതിനായി പോകുമ്പോഴാണ് വിഷ്ണുവിനെ കാണാതായത്.
സംഭവത്തെത്തുടര്‍ന്ന് സിങ്കപ്പൂര്‍ പൊലീസ് കപ്പല്‍ കസ്റ്റഡിയിലെടുക്കുകയും വിഷ്ണുവിന്റെ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പരിശോധിക്കുകയും സഹപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയുമുണ്ടായി. പിന്നീട് മലേഷ്യന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സി വിഷ്ണുവിനായി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് വിട്ടുനല്‍കിയ കപ്പല്‍ കഴിഞ്ഞ ദിവസം ചരക്കുമായി പാരദ്വീപിലെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇതിനിടെ ഇന്തോനേഷ്യന്‍ എംബസി ആവശ്യപ്പെട്ടതനുസരിച്ച് വിഷ്ണുവിന്റെ വിവരങ്ങള്‍ ബന്ധുക്കള്‍ മെയില്‍ ചെയ്തു നല്കി.
വിഷ്ണുവിന്റെ മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും വീട്ടിലെത്തിച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ എത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വിഷ്ണു ഉള്‍പ്പെടെ 19 പേരാണ് ചെന്നൈ മറൈന്‍ ഏജന്‍സിയായ ഡെന്‍സായി മറൈന്‍ കാര്‍ഗോ ഷിപ്പിംഗ് എന്ന ഏജന്‍സിയുടെ കപ്പലില്‍ ഉണ്ടായിരുന്നത്. പിറന്നാള്‍ ദിനമായ ഇന്ന് പറവൂര്‍ മരിയാ ഭവനിലെ അഗതികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.