കോട്ടാങ്ങലില്‍ കുറുനരിയുടെ ആക്രമണം; നിരവധി പേര്‍ക്കു പരിക്ക്
1423708
Monday, May 20, 2024 3:32 AM IST
വായ്പൂര്: കോട്ടാങ്ങല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുറുനരിയുടെ ആക്രമണത്തില്‍ വയോധിക അടക്കം നിരവധി പേര്‍ക്ക് പരിക്ക്. വായ്പൂര്, പുത്തൂര്‍പ്പടി, പഞ്ചായത്ത് പടി, നെടുംമ്പാല പ്രദേശങ്ങളിലാണ് കുറുനരിയുടെ ആക്രമണം ഉണ്ടായത്. സ്ത്രീകളടക്കമുള്ളവരെ കടിച്ച കുറുനരി വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചു.
അവശനിലയിലായ കുറുനരി പിന്നീട് ചത്തു. പരിക്കേറ്റവരെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും റാന്നിയിലെ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ച് ചികിത്സ നല്കി. സ്ത്രീകളടക്കം നാലുപേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
റാന്നിയില്‍നിന്ന് എത്തിയ വനപാലകരും പ്രദേശവാസികളും ചേര്‍ന്നാണ് കുറുനരിയെ പിന്നീട് പിടികൂടിയത്. പേ വിഷബാധ സംശയിക്കുന്നതിനാല്‍ ഇതിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തു. കോട്ടാങ്ങലിലും പരിസരങ്ങളിലും നേരത്തെതന്നെ കുറുനരിയുടെ ശല്യമുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായതിനു പിന്നാലെയാണ് കുറുനരിയും കാടിറങ്ങിയത്.
കാട്ടുപന്നിയുടെ കുഞ്ഞുങ്ങളെ തേടിയാണ് ഇവ എത്തുന്നതെന്ന് പറയുന്നു. നായ്ക്കളടക്കമുള്ള വളര്‍ത്തു മൃഗങ്ങളെ ഇവ ആക്രമിക്കാറുണ്ട്. മനുഷ്യര്‍ക്കുനേരെ ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമായാണ്.
കോട്ടാങ്ങല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് കോട്ടാങ്ങല്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജോസഫ് ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറിമാരായ ജോസി ഇലഞ്ഞിപ്പുറം, ജോസഫ് ജോണ്‍ കൊന്നകുളം, ജോളി ജോസഫ് മണ്ണില്‍, കുഞ്ഞുമോള്‍ ജോസഫ് മാതിരംപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.