കേരളം അതിദരിദ്രരില്ലാത്ത നാടാകും: കെ.കെ. ശൈലജ
1339280
Friday, September 29, 2023 11:41 PM IST
തിരുവല്ല: മുപ്പതുശമാനം അതിദരിദ്രരുള്ള രാജ്യത്ത് ഇന്ത്യ തിളങ്ങുന്നവെന്ന് വിളിച്ചുപറയുന്നത് പൊള്ളത്തരമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ. എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ശൈലജ.
കേരളത്തിൽ അതിദരിദ്രരുടെ എണ്ണം 0.7 ശതമാനം മാത്രമാണ്. അതിദാരിദ്ര്യ നിർമാർജനയജ്ഞം പൂർത്തീകരിക്കുന്നതോടെ കേരളം പൂജ്യം ശതമാനത്തിലെത്തുമെന്നും ശൈലജ പറഞ്ഞു.
2021ൽ ഒരു ലക്ഷം കോടിയായിരുന്ന തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 2023ൽ 79000 കോടിയായി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. ഇതിനെ ചെറുത്തു തോല്പിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഗിരിജാ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സി.കെ. നരേന്ദ്രൻ എംഎൽഎ, എസ്. രാജേന്ദ്രൻ, കെ. അനന്തഗോപൻ, കെ. ചന്ദ്രൻ, ആർ. സനൽ കുമാർ, ഫ്രാൻസിസ് വി. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് ഉച്ചയോടെ പ്രതിനിധി സമ്മേളനം സമാപിക്കും. തുടർന്ന് തിരുവല്ല മുനിസിപ്പൽ മൈതാനത്തിലേക്ക് ഒരു ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുക്കുന്ന റാലി നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.