വീട്ടില്‍ നിന്നു വഴക്കിട്ടിറങ്ങിയ ആസാം ബാലന് പന്തളം ജനമൈത്രി പോലീസ് തുണയായി
1337277
Thursday, September 21, 2023 11:53 PM IST
പത്തനംതിട്ട: ആസാമില്‍നിന്നു വീട് വീട്ടിറങ്ങി ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തി, വഴിതെറ്റിയലഞ്ഞ പതിനഞ്ചുകാരന് പന്തളം ജനമൈത്രി പോലീസ് തുണയായി. കഴിഞ്ഞ 30ന് രാത്രി സംശയകരമായ സാഹചര്യത്തില്‍ പന്തളം കടയ്ക്കാട് ചുറ്റിതിരിഞ്ഞ കുട്ടിയോട് പോലീസ് ഉദ്യോഗസ്ഥര്‍ വിവരം തിരക്കിയപ്പോഴാണ് ആസാമിലെ വീട്ടില്‍ നിന്നു വഴക്കിട്ടിറങ്ങിയതാണെന്ന് മനസിലായത്.
നാട്ടില്‍ നിന്നു ട്രെയിന്‍ കയറി ചെങ്ങന്നൂരെത്തുകയും, അവിടെ നിന്ന് അതേ ട്രെയിനില്‍ യാത്രക്കാരായിരുന്ന ഇതരസംസ്ഥാന തെഴിലാളികള്‍ക്കൊപ്പം കടയ്ക്കാടെത്തുകയുമായിരുന്നു.
കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം, പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നിര്‍ദേശാനുസരണം കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന്, സിഡബ്ല്യുസിയുടെ നിര്‍ദേശപ്രകാരം താത്കാലിക സംരക്ഷണം പറന്തല്‍ ആശ്രയ ശിശുഭവന് ഏറ്റെടുത്തു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയുടെ വിലാസം കണ്ടെത്തി വിവരം അവരെ ധരിപ്പിച്ചു. കുട്ടിയെ കണ്ടുകിട്ടാതെ വിഷമത്തില്‍ കഴിഞ്ഞുവന്ന അമ്മയ്ക്ക് പോലീസിന്റെ വിളി തന്നെ ആശ്വാസമായി.
കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം പന്തളം പോലീസ് സ്റ്റേഷനില്‍ എത്തി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം എസ്ഐ പി.കെ. രാജന്, ജനമൈത്രി ബീറ്റ് ഓഫീസര്‍ കെ. അമീഷ്, സിപിഒ സുരേഷ് എന്നിവര്‍ അമ്മയ്ക്കൊപ്പം ശിശുഭവനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.
നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ പണമില്ലാത്ത ദുരവസ്ഥ മനസിലാക്കിയ പോലീസ്, ജനമൈത്രി സമിതി അംഗങ്ങളുടെയും സാമൂഹിക പ്രവര്ത്തകന് രഘു പെരുംപുളിക്കലിന്റെയും സഹകരണത്തോടെ അതിനും പരിഹാരം കണ്ടു.