ആദിവാസി കുട്ടികളോടൊപ്പം നേതാജിയുടെ സമുദ്രദിനാഘോഷം
1301380
Friday, June 9, 2023 10:57 PM IST
പ്രമാടം: നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്രസേനാ ക്ലബ്, എൻഎസ്എസ്, സ്കൗട്ട് - ഗൈഡ് യൂണിറ്റുകൾ സംയുക്തമായി അട്ടത്തോട് ട്രൈബൽ എൽപിഎസിലെ കുട്ടികളുമൊത്ത് ലോക സമുദ്രദിനം ആഘോഷിച്ചു.
സമുദ്രങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തക്കുറിച്ചും സമുദ്രത്തിനടിയിലെ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചും ക്ലബ് അംഗം ഭദ്ര സന്തോഷ് കുട്ടികളോട് സംസാരിച്ചു. പ്ലാസ്റ്റിക്കിനെതിരേ പ്രതിജ്ഞയെടുത്തും പാട്ടുപാടിയും കഥ പറഞ്ഞുമെല്ലാം കുട്ടികൾ ആഘോഷപരിപാടികൾ ഗംഭീരമാക്കി. കുട്ടികൾക്കാവശ്യമായ വസ്ത്രങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.
ക്ലബ് കോർഡിനേറ്റർ ടി.ആർ. ഗീതു, ഗൈഡ് ക്യാപ്റ്റൻ മഞ്ജു സദാനന്ദൻ, എൻഎസ്എസ് കോർഡിനേറ്റർ അരുൺ മോഹൻ, സ്കൗട്ട് മാസ്റ്റർ കെ.ജെ. ഏബ്രഹാം, ട്രൈബൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.