ഈവി കലാമണ്ഡലം കലാരത്ന പുരസ്കാരം ലക്ഷ്മി ഗോപാലസ്വാമിക്ക്
1297518
Friday, May 26, 2023 10:55 PM IST
പത്തനംതിട്ട: കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഈവി കലാമണ്ഡലം നല്‍കിവരുന്ന കലാരത്നപുരസ്കാരം ലക്ഷ്മി ഗോപാലസ്വാമിക്ക് സമ്മാനിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒരു ലക്ഷം രൂപയും ശില്പവുമാണ് പുരസ്കാരം. ഇന്നു വൈകുന്നേരം നാലിന് അടൂര്‍ ഗീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സർഗോത്സവം -2023 പരിപാടിയില്‍ അവാര്‍ഡ് നല്‍കും. അവാര്‍ഡ് സമര്‍പ്പണവും സാംസ്കാരിക സമ്മേളനം ഉദ്ഘാടനവും മന്ത്രി ജി.ആര്. അനില്‍ നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. വയലാര്‍ അവാര്‍ഡ് ജേതാവ് ഏഴാച്ചേരി രാമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. ഫ്രാന്‍സിസ് ടി. മാവേലിക്കര, വയല വിനയചന്ദ്രന്, ബദറുദീന്‍, രാജു അച്ചൂസ്, നയന എന്നിവരെ ചടങ്ങില്‍ ആദരിക്കും. ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കെ.പി. ഉദയഭാനു, എ.പി. ജയന് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വൈശാലി നൃത്താവിഷ്കാരവും ആറിന് നൃത്ത-സംഗീത മെഗാ റിയാലിറ്റിഷോയും ഉണ്ടാകും. അന്നേദിവസം ഉച്ചയ്ക്ക് ഒന്നു മുതൽ വിവിധ രാഗതാളലയ വിന്യാസങ്ങൾകൊണ്ട് വേദി സജീവമാകും.
പത്രസമ്മേളനത്തില്‍ സൂര്യൻ മഠത്തിലേക്ക്, ദിൻരാജ്, ഡി. ഹരിദാസ്, ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, ദർശന എന്നിവർ പങ്കെടുത്തു.