വില്പനയ്ക്കു സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
1282592
Thursday, March 30, 2023 10:29 PM IST
പത്തനംതിട്ട: വില്പനയ്ക്കു ചെറുപൊതികളാക്കി കൈവശം സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് യുവാക്കളെ ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി. കഴിഞ്ഞദിവസം രാത്രി എട്ടോടെ പന്തളം മുടിയൂർക്കോണം മന്നത്തു കോളനി ഭാഗത്തു നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. പന്തളം കുന്നിക്കുഴി മങ്ങാരം ഗുരുഭവനം ഗുരുപ്രിയൻ (21), പന്തളം കുരീക്കാവിൽ രഞ്ജിത്ത് (25), റാന്നി പെരുനാട് വേലുപറമ്പിൽ വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനു ലഭിച്ച രഹസ്യവിവരം നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എ. വിദ്യാധരന് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. ആലപ്പുഴ ജില്ലയിലും മറ്റും കഞ്ചാവ് കടത്തിന് പോലീസ് എക്സൈസ് കേസുകൾ ഉള്ള സംഘത്തെ പത്തനംതിട്ട ജില്ലയിൽ പിടികൂടുന്നത് ആദ്യമായാണ്. മുടിയൂർക്കോണം മന്നത്തുകോളനി കേന്ദ്രീകരിച്ചാണ് കഞ്ചാവ് ശേഖരണവും ഇവർ നടത്തിവന്നതെന്നു പോലീസ് പറഞ്ഞു. യുവാക്കൾക്കും കുട്ടികൾക്കുമാണ് വില്പന മുഖ്യമായും നടത്തുന്നതെന്നും ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു.