കാർഷിക വായ്പകളുടെ പലിശ എഴുതിത്തള്ളണം: കർഷക യൂണിയൻ
1282140
Wednesday, March 29, 2023 10:37 PM IST
പത്തനംതിട്ട: വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്നുമെടുത്തിട്ടുള്ള കാർഷിക, കാർഷികേതര വായ്പകളുടെ പലിശ എഴുതിത്തള്ളുകയും വായ്പകളുടെ തിരിച്ചടവ് കാലാവധി ദീർഘിപ്പിക്കുകയും ജപ്തി നടപടികൾ നിർത്തിവയ്ക്കുകയും ചെയ്യണമെന്നു കേരള കർഷക യൂണിയൻ ജില്ലാ കമ്മിറ്റി യോഗം. കർഷകരും അവരെ ആശ്രയിക്കുന്ന ജനവിഭാഗങ്ങളും വൻ സാന്പത്തിക പ്രതിസന്ധിയിലാണ്.
കേന്ദ്രസർക്കാർ വർധിപ്പിച്ച ഒരു രൂപ കൂടി നൽകിയാൽ നെല്ലിനുള്ള പ്രഖ്യാപിത വില 29.92 രൂപയാണ്. എന്നാൽ, 28 രൂപ നൽകിയാൽ മതിയെന്നാണ് സർക്കാർ നിർദേശം. നെല്ലിന്റെ സംഭരണവില 32 രൂപയായി ഉയർത്തണമെന്നാവശ്യം കർഷക യൂണിയൻ ഉയർത്തിയിരുന്നു. റബർവില സ്ഥിരതാ പദ്ധതിയിലെ 170 രൂപ പോലും ഇപ്പോൾ ലഭിക്കുന്നില്ല. തറവില 220 രൂപയായി ഉയർത്തി റബർ സംഭരിക്കാൻ നടപടിയുണ്ടാകണം. നാളികേരത്തിന് 40 രൂപ തറവില നിശ്ചയിച്ച് സംഭരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഏപ്രിൽ 11ന് തൃശൂരിൽ നടക്കുന്ന സംസ്ഥാന കേര കർഷക സമര സംഗമം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വൈ. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.റ്റി. തോമസ്, സെക്രട്ടറിമാരായ ആന്റച്ചൻ വെച്ചൂച്ചിറ, ഷാജൻ മാത്യു, സെക്രട്ടേറിയറ്റംഗം ജോണ് വട്ടപ്പാറ, ദീപു ഉമ്മൻ, കെ.എസ്. ജോസ്, തോമസുകുട്ടി കുമ്മണ്ണൂർ, പി.ജി. വർഗീസ്, ഏബ്രഹാം ചെങ്ങറ, ഡെയ്സി അറയ്ക്കൽ, റെജി പി. ജോർജ്, തോമസ് ഏബ്രഹാം, എം.എസ്. ചാക്കോ, ബിജു ജോഷ്വ തുടങ്ങിയവർ പ്രസംഗിച്ചു.