ജൽ ജീവൻ മിഷൻ, അമൃത് പദ്ധതികൾക്ക് 942.91കോടി: ആന്റോ ആന്റണി എംപി
1281614
Monday, March 27, 2023 11:48 PM IST
പത്തനംതിട്ട: കേന്ദ്രാവിഷ്കൃത പദ്ധതികളായ ജൽ ജീവൻ മിഷൻ, അമൃത് എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി 942.91 കോടി രൂപ അനുവദിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു.
ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 915.1 കോടി രൂപ അനുവദിച്ച് ജില്ലയിലെ 182999 കുടുംബങ്ങൾക്കാണ് കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പത്തനംതിട്ട, തിരുവല്ല മുനിസിപ്പാലിറ്റികളിലായി 27.81 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളുമാണ് നടപ്പിലാക്കുന്നത്.
എല്ലാ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കുക എന്ന ദൗത്യത്തോടെ കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ പത്തനംതിട്ട ജില്ലയിലെ 54 ഗ്രാമപഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിൽ കേന്ദ്ര ഗവൺമെന്റിന്റെ 45 ശതമാനം വിഹിതവും സംസ്ഥാന ഗവൺമെന്റിന്റെ 30 ശതമാനവും ഗ്രാമപഞ്ചായത്തുകൾ 15 ശതമാനവും ഉപഭോക്താക്കൾ 10 ശതമാനവുമാണ് ചെലവിടുന്നത്.