മഴവില്ലഴകുള്ള നസർബാത്ത് നെല്ല് പൂവറ്റൂരിൽ വിളയിച്ച് സുബിത്ത്
1599632
Tuesday, October 14, 2025 6:56 AM IST
കൊട്ടാരക്കര: പൂവറ്റൂർ ഗ്രാമത്തിൽ മഴവില്ലഴക് വിരിച്ചുനിൽക്കുന്ന പന്ത്രണ്ട് ഏക്കറോളം കൃഷി ആർക്കും കൗതുകം ജനിപ്പിക്കും. വയലറ്റ് നിറത്തിൽ പാടം നിറഞ്ഞുനില്ക്കുന്നതുകാണാൻ കാഴ്ചക്കാരുടെ ബാഹുല്യമാണ്. നെൽകൃഷിയുടെ വിവിധ തരത്തിലുള്ള വൈവിധ്യമാർന്ന പരീക്ഷണരീതിയിലൂടെ വിജയം കൊയ്തെടുക്കുകയാണ് ചന്ദനത്തോപ്പ് ഗവ. ഐടിഐയിലെ സീനിയർ അധ്യാപകനായ പൂവറ്റൂർ കിഴക്ക് ശ്യാമളത്തിൽ ബി. സുബിത്ത്.
മഹാരാഷ്ട്രയുടെ പരമ്പരാഗത നെല്ലിനമായ നസർബാത്താണ് അസാധാരണ വയലറ്റ് നിറത്തോട് കൂടി പൂവറ്റൂർ തെങ്ങുംതറ പാടത്ത് കൗതുകകാഴ്ചയായി മാറിയിരിക്കുന്നത്. രണ്ടര ഏക്കറോളം സ്ഥലത്ത് നേരത്തെയും സുബിത് വിവിധ ഇനം നെൽകൃഷി പരീക്ഷിച്ചു വിജയം നേടിയിരുന്നു. പൂവറ്റൂർ ഗ്രാമത്തിലെ പ്രധാന കർഷകരിൽ ഒരാളായിരുന്നു സുബിത്തിന്റെ മുത്തച്ഛൻ ഗോപാലൻനായർ. അച്ഛൻ ബഹുലേയൻ നായർ, അമ്മ ശ്യാമള എന്നിവർ കൃഷികാര്യത്തിൽ മുൻപന്തിയിലായിരുന്നു.
പ്രവാസി ജീവിതം മതിയാക്കി തിരിച്ച് നാട്ടിലെത്തിയപ്പോൾ സ്വന്തമായുള്ള അൻപത് സെന്റ് പുരയിടത്തിൽ വിവിധയിനം പച്ചക്കറികൃഷിയും ഇതോടൊപ്പം തന്നെ പാട്ടത്തിനെടുത്ത രണ്ടര ഏക്കർ ഭൂമിയിൽ നെൽകൃഷിയും തുടങ്ങി. ചേറാടി, രക്തശാലി, ബ്ലാക്ക് റൈസ്, കറുത്ത ഞവര, ഗന്ധകശാല, തുടങ്ങിയവയും ഇതിനോടൊപ്പം തിരുപ്പതി ക്ഷേത്രത്തിലെ തുലാഭാരം തൂക്കുന്നതിനുള്ള കൃഷ്ണകൗമോദകം എന്ന വിത്തും പാടത്ത് കൃഷിയിറക്കി.
മെച്ചപ്പെട്ട രീതിയിൽ ഉത്പന്നങ്ങൾ ലഭ്യമായിത്തുടങ്ങി. ഇതേ കാലയളവിൽ തന്നെ സുബിത്തിന് കൊല്ലം ചന്ദനത്തോപ്പ് ഗവ. ഐടിഐ യിൽ അധ്യാപകനായി ജോലിയും ലഭിച്ചു. പിന്നീട് വൈകുന്നേരവും അവധി ദിവസങ്ങളിലും മാത്രമായി കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്നത്. ഒരിക്കൽ സുബിത് കണ്ണൂർ ജില്ലയിലെ തില്ലങ്കരി എന്ന ഗ്രാമത്തിലെ പുതിയ ഇനങ്ങളിലുള്ള നെൽകൃഷികളെ കുറിച്ചു കൂടുതൽ അറിയുവാൻ അവിടെയെത്തി.
നാട്ടുഗ്രാമങ്ങളിൽനിന്നും വയലറ്റ് നിറത്തോട് കൂടിയ നെൽമണിയുടെ വിത്ത് സുബിത് കരസ്ഥമാക്കി. മഹാരാഷ്ട്രയിലെ പരമ്പരാഗതമായ ഭക്ഷണത്തിനായി കൃഷി ചെയ്യുന്ന നസർബാത്ത് എന്ന ഇനത്തിലെ നെല്ലിനമാണ് പിന്നീട് സുബിത് പൂവറ്റൂർ ഗ്രാമത്തിലേക്ക് എത്തിച്ചത്. ഔഷധഗുണമേറേയുള്ള നെല്ലിനു വിലക്കൂടുതലാണ്. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ അരിയിൽ നിയാസിൻ, തയാമിൻ, എന്നീ വിറ്റാമിനുകൾ ധാരാളം ഉണ്ട്.
നിരവധി പുരസ്കാരങ്ങളും സുബിത്തിനെ തേടിയെത്തി. മികച്ച കർഷകനുള്ള വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ അനുമോദനവും. കുളക്കട ഗ്രാമ പഞ്ചായത്തിന്റെ പുരസ്കാരവും സുബിത്തിന് ലഭിച്ചിട്ടുണ്ട്. പന്ത്രണ്ട് ഏക്കറോളം വരുന്ന കൃഷി ഭൂമിയിൽ നെൽ കൃഷിയ്ക്കൊപ്പം പച്ചക്കറികൃഷിയിലും സുബിത് നേട്ടം കൊയ്യുന്നുണ്ട്. ഭാര്യ അപർണയും മക്കൾ അഗ്നിഭഗത്തും അഗ്നിജതൻവിയും കൃഷികാര്യത്തിൽ കൂടെക്കൂടാറുണ്ട്. കുളക്കട പഞ്ചായത്തിലെ മികച്ച കുട്ടികർഷകനായി പൂവറ്റൂർ എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ അഗ്നിഭഗത്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
രാജേഷ്. എസ്. കൊട്ടാരക്കര