പത്തനാപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായില്ല
1599127
Sunday, October 12, 2025 6:14 AM IST
പത്തനാപുരം: നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം ഇല്ല . പത്തനാപുരം നെടുംപറമ്പ് ജംഗ്ഷനിൽ മലയോര ഹൈവേയുടെ ഭാഗമായ നടപ്പാതയിലും റോഡ് അരികിലും ഒക്കെ കെട്ടുകണക്കിന് മാലിന്യമാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇതിനോട് ചേർന്നുള്ള നീർച്ചാലിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഈ മലിനജലം 200 മീറ്റർ അകലെയുള്ള ഇരപ്പൻ തോട്ടിലും അവിടെനിന്നും നിരവധി കുടിവെള്ള പദ്ധതികൾക്ക് ജലം കണ്ടെത്തുന്ന കല്ലടയാറ്റിലുമാണ് ചെന്ന് ചേരുന്നത്.
അമീബിക്ക് മസ്തിഷ്കജ്വരം ഉൾപ്പെടെ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ കുടിവെള്ളത്തിനു പോലും ഉപയോഗിക്കുന്ന ജലാശയത്തിലേക്ക് നിരന്തരമായി മാലിന്യം ചെന്നെത്തുന്നത്.
വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മത്സ്യ വിപണനശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങളും ഉൾപ്പെടെ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. പകൽസമയം ഏറെ തിരക്കുള്ള ഇവിടെ മറ്റ് മേഖലകളിൽ നിന്നും രാത്രിയിൽ ഉൾപ്പെടെ മാലിന്യം നിക്ഷേപിക്കുന്നതായും ദുർഗന്ധം കാരണം വ്യാപാരസ്ഥാപനങ്ങളിൽ ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും ആക്ഷേപമുണ്ട്.
മാലിന്യ നിക്ഷേപത്തിന് നിരവധി മാർഗങ്ങൾ ഉള്ളപ്പോഴും, ഹരിത കർമസേന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന സാഹചര്യത്തിലും ഇത്തരത്തിൽ പൊതു നിരത്തുകളിൽ മാലിന്യ നിക്ഷേപം തുടരുകയാണ്. ഇത്തരക്കാരെ കണ്ടെത്താനോ നടപടി എടുക്കാനോ അധികൃതർ യാതൊരു സംവിധാനവും ഒരുക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.