പിണറായി സർക്കാർ അയ്യപ്പ സ്വാമിയുടെ ശാപം ഏറ്റുവാങ്ങിയ സർക്കാർ : അടൂർ പ്രകാശ്
1599124
Sunday, October 12, 2025 6:14 AM IST
കൊല്ലം: ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ പാളികൾ ചെമ്പ് പാളികളെന്ന പേരിൽ കൈമാറിയതും ഇവയിലെ സ്വർണം അപഹരിച്ചതും ഗുരുതര കുറ്റകൃത്യങ്ങളാണെന്ന ഹൈക്കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്ക്കണമെന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം പി. അയ്യപ്പസ്വാമിയുടെ ശാപം ഏറ്റ സർക്കാരാണ് പിണറായി സർക്കാരെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ സ്വാഗതസംഘം രൂപീകരണ യോഗം ഡിസിസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസ സംരക്ഷണ ജാഥയ്ക്ക് 15ന് വൈകുന്നേരം അഞ്ചിന് ചിന്നക്കട, 16ന് രാവിലെ 10ന് ശാസ്താംകോട്ട, 11.30ന് കൊട്ടാരക്കര, ഉച്ചകഴിഞ്ഞ് മൂന്നിന് പുനലൂരിലെ അഞ്ചൽ എന്നീ സ്ഥലങ്ങളിൽ സ്വീകരണം നൽകും. യോഗത്തിൽ ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
കെ പി സി സി വർക്കിംങ് പ്രസിഡന്റ് പി. സി .വിഷ്ണുനാഥ് എം എൽ എ, കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, കെ പി സി സി ജന. സെക്രട്ടറി പഴകുളംമധു, എ .ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, എ. കെ .ഹഫീസ്, കെ. സുരേഷ്ബാബു, പി .ജർമിയാസ്, കെ. ബേബിസൺ, സൂരജ് രവി, എൽ. കെ. ശ്രീദേവി, നടുക്കുന്നിൽ വിജയൻ, പി. കെ. രവി തുടങ്ങിയവർ പ്രസംഗിച്ചു.