തിരുട്ടു സംഘത്തിന്റെ തട്ടിപ്പ് : കൊടിക്കുന്നിൽ സുരേഷ്
1599626
Tuesday, October 14, 2025 6:56 AM IST
കൊല്ലം: ശബരിമല അയ്യപ്പന്റെ പൊന്ന് അടിച്ചുമാറ്റിയ തിരുട്ട്സംഘത്തിന്റെ മറ്റൊരു തട്ടിപ്പാണ് കോൺക്ലേവ് എന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പൂട്ടിപ്പോയ 864 ഫാക്ടറികൾ തുറന്ന് ജോലി കൊടുക്കാൻ കഴിയാത്തവർ ക്ലോൺക്ലേവ് നടത്തി തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.
864 ൽ പരം ഫാക്ടറികളുണ്ടായിരുന്ന കേരളത്തിൽ നിലവിൽ നൂറോളം ഫാക്ടറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഒന്നര ലക്ഷത്തോളം തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെട്ടിട്ടുള്ളത്. അവരുടെ കുടുംബങ്ങൾക്ക് ഇഎസ്ഐ പരിരക്ഷ ഇല്ലാതായി. വലിയ ഒരു വിഭാഗം തൊഴിലാളികൾ പിഎഫ് പെൻഷൻ പദ്ധതിയിൽ നിന്നു തന്നെ പുറത്തായി.
ശുദ്ധ തട്ടിപ്പെന്ന് യുടിയുസി
കൊല്ലം: കാഷ്യു കോൺക്ലേവ് ശുദ്ധതട്ടിപ്പാണെന്നു യുടിയുസി ദേശീയപ്രസിഡന്റ് എ.എ. അസീസ് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സർക്കാർ തൊഴിലാളികളെ വഞ്ചിച്ചു മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ കാഷ്യു കോൺക്ലേവിനെതിരേ ഇന്ന് പ്രതിഷേധസംഗമം സംഘടിപ്പിക്കും. ഇന്നു കശുവണ്ടി തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രതിഷേധ സംഗമം ചിന്നക്കടയിൽ നടത്തും. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. ഭരണത്തിലേറി ഒന്പതു വർഷമായിട്ടും കശുവണ്ടി വ്യവസായത്തെയും തൊഴിലാളികളെയും സംബന്ധിച്ച് ചിന്തിച്ചിട്ടില്ലാത്ത സംസ്ഥാന ഗവൺമെന്റ് തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കുമ്പോഴാണ് തൊഴിലാളികളെയും നാട്ടുകാരെയും പറ്റിക്കാൻ കാഷ്യു കോൺക്ലേവ്എന്ന കാപട്യവുമായി വന്നതെന്ന് എ.എ.അസീസും ജനറൽ സെക്രട്ടറി സജി.ഡി. ആനന്ദും കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തിൽ ആർഎസ്പി ജില്ലാ സെക്രട്ടറികെ.എസ്.വേണുഗോപാൽ, ഇടവനശേരി സുരേന്ദ്രൻ, ടി.കെ. സുൽഫി എന്നിവരും പങ്കെടുത്തു.
അടഞ്ഞു കിടന്ന ഫാക്ടറി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ അപഹരിക്കപ്പെട്ടിട്ടും സർക്കാരോ ഇടതു യൂണിയനുകളോ മിണ്ടിയിട്ടില്ല.ദേശീയ പാതയോരത്തടക്കം പല ഫാക്ടറികളും റിയൽ എസ്റ്റേറ്റ് മാഫിയക്കു മറിച്ചു വിൽക്കാൻ ഇടനിലക്കാരായി പ്രവർത്തിച്ചവരാണ് ജില്ലയിലെ ഇടതു നേതാക്കളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കശുവണ്ടി വികസന കോർപറേഷനും കാപെക്സും നടത്തിയ തോട്ടണ്ടി ഇറക്കുമതിയിൽ വൻ തോതിൽ അഴിമതി നടന്നെന്ന വിവരം ഇപ്പോൾ പുറത്തുവരികയാണ്. കഴിഞ്ഞ ഒന്പത് വർഷത്തിൽ 100 ദിവസം തികച്ച് ജോലി നൽകിയ വർഷങ്ങൾ വിരളമാണ്. കാഷ്യൂ കോർപറേഷൻ ഫാക്ടറികളിലെ സാധാരണ തൊഴിലാളികൾക്ക് പ്രമോഷനായി വരേണ്ട നിരവധി തസ്തിക കളാണ് ഇപ്പോഴത്തെ ചെയർമാന്റെ കാർമികത്വത്തിൽ ഇല്ലാതാക്കിയത്. പത്ര സമ്മേളനത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് എന്നിവർ പങ്കെടുത്തു.