ഭിന്നശേഷി കുട്ടികൾക്കുള്ള കെട്ടിട നിർമാണം പാതിവഴിയിൽ നിലച്ചു
1599388
Monday, October 13, 2025 6:37 AM IST
അഞ്ചല്‍ : ഏരൂര്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കുള്ള കെട്ടിടനിർമാണം പാതിവഴിയിൽ നിലച്ചു. ജില്ലയില്‍ തന്നെ ഏറ്റവുമധികം ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ എന്ന നിലയിലാണ് 2010-11 അധ്യയന വര്‍ഷത്തിൽ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്രത്യേക കെട്ടിടം നിര്‍മിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചത്. ഇതനുസരിച്ച് അന്നത്തെ സ്കൂള്‍ പിടിഎ കൂടുകയും ഏരൂര്‍ ആലഞ്ചേരി സ്വദേശിയായഒരാൾക്ക് കരാര്‍ നല്‍കുകയും ചെയ്തു.
ആറു മാസത്തിനകം കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കണം എന്ന വ്യവസ്ഥയിലായിരുന്നു നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ നിര്‍മാണം ആരംഭിച്ച് 14 വര്‍ഷം പിന്നീടുമ്പോഴും കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചില്ല എന്നു മാത്രമല്ല ഉപയോഗിച്ച തടിയും മറ്റ് സാധനങ്ങള്‍ ഉള്‍പ്പടെയുള്ളവയൊന്നും ഉപയോഗ യോഗ്യമല്ലെന്നുമാണ് കണ്ടെത്തല്‍. കെട്ടിടം ഇപ്പോള്‍ കുട്ടികള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുകയാണ്.കരാറുകാരനോടു നിരവധിതവണ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കണം എന്നു ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയുമില്ല.
പകുതി പ്രവര്‍ത്തികള്‍ പോലും പൂര്‍ത്തീകരിക്കാത്ത കെട്ടിടത്തിനായി കരാറുകാരന് വാങ്ങിയത് ഒന്‍പത് ലക്ഷം രൂപയാണ്. കെട്ടിടം അസ്ഥികൂടമായി മാറിയതോടെ പൊളിച്ചു നീക്കണം എന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. കെട്ടിട നിര്‍മാണത്തില്‍ അഴിമതിയും ഒത്തുകളിയും ആരോപിച്ചുള്ള പരാതിയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിന് പുറമെ സംസ്ഥാന വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ സര്‍ക്കാരിന് 17 ലക്ഷം രൂപയുടെ അധിക ബാധ്യതയുണ്ടാക്കി എന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് എസ്എഫ്ഐ അഞ്ചല്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ചുമുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുള്ള ഉന്നതര്‍ക്ക് പരാതി നല്‍കിയതായി എസ്എഫ്ഐ ഏരിയാ സെക്രട്ടറി ബുഹാരി മുഹമദ് പറഞ്ഞു.