ആറു വയസുകാരന്റെ രക്ഷകനായ 12 കാരൻ നാട്ടിൽ താരമായി
1599386
Monday, October 13, 2025 6:37 AM IST
കൊട്ടിയം: പായൽ നിറഞ്ഞ ചിറയിലെ വെള്ളത്തിൽ മുങ്ങി മരണത്തെ മുഖാമുഖം കണ്ട ആറു വയസുകാരൻ രാമന്റെ രക്ഷകനായ 12 വയസുകാരൻ സെയ്ദലിക്ക് നാട്ടിൽ താരപരിവേഷം. ചാത്തന്നൂർ ഗവ. എച്ച്എസിലെ ഒന്നാം ക്ലാസ് വിദ്യാർഥി രാമൻ എന്ന ആദിഷ് കഴിഞ്ഞ ദിവസം ഉച്ചയോടെ സൈക്കിളിൽ വരവേയാണ് കൊട്ടിയം പറക്കുളം ഏറത്തു ചിറയിൽ വീഴുന്നത്.
റോഡിലേക്കു കയറുന്നതിനിടെ സൈക്കിൾ നിയന്ത്രണം വിട്ടു ചിറയിലേക്കു വീഴുകയായിരുന്നു. ചിറയ്ക്കു സമീപത്തെ പറമ്പിൽ നടക്കുന്ന ജ്വാല ലൈബ്രറി ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഘോഷ പരിപാടി കാണാനായിട്ടാണ് രാമൻ അവിടേക്ക് വരുന്നത്. ചിറയിൽ വീഴുമ്പോഴും മുങ്ങി താഴുമ്പോഴും രാമൻ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു. പക്ഷെ ക്ലബിന്റെ ഉച്ചഭാഷിണി പ്രവർത്തിച്ചിരുന്നതിനാൽ രാമന്റെ നിലവിളി ആരും കേട്ടിരുന്നില്ല.
രാമൻ ചിറയിൽ വീഴുന്നതും കണ്ടു കൊണ്ടായിരുന്നു സെയ്ദലിയുടെ വരവ്. ക്ലബിന്റെപരിപാടി കാണാൻ വരികയായിരുന്ന സെയ്ദലിയും. മറ്റൊന്നും ആലോചിക്കാതെ റോഡിൽ നിന്നു ചിറയിലേക്കു കമിഴ്ന്നു കിടന്ന സെയ്ദാലി നീട്ടിയ കൈകളിൽ രാമൻ മുറുകെപ്പിടിക്കുകയാണ് ഉണ്ടായത്. രാമനെ വലിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ സെയ്ദലി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി.
ചിറയുടെ മറുകരയിൽ ഇരിക്കുകയായിരുന്ന രാമന്റെ മുത്തച്ഛൻ രാജുവും ചില ക്ലബ് ഭാരവാഹികളും ഓടിയെത്തി തുടർന്ന് രാമനെ കരക്കുകയറ്റി. പിടി വിടാതെ അപ്പോഴും രാമനെ പിടിച്ചു കിടക്കുകയായിരുന്നു സെയ്ദലി. കുറച്ച് വെള്ളം ഉള്ളിൽ പോയതല്ലാതെ രാമനു മറ്റു കുഴപ്പമൊന്നുമുണ്ടായില്ല. രാമന്റെ സൈക്കിൾ ചില ക്ലബ് അംഗങ്ങൾ മുങ്ങി തപ്പിയെടുത്ത് നൽകി. പുല്ലാങ്കുഴി കനാൽ വീട്ടിൽ സിയാദ് – സജീന ദമ്പതികളുടെ മകനാണ് കൊട്ടിയം സിഎഫ്എച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ സെയ്ദലി. പറക്കുളം മഞ്ഞക്കുഴി വീട്ടിൽ സുരേഷിന്റെയും അശ്വതിയുടെയും മകനാണ് രാമൻ.
മറ്റൊന്നും ചിന്തിക്കാതെ തക്ക സമയത്ത് ബുദ്ധിയോടെ പ്രവർത്തിക്കാൻ ദൈവം ആ മകന് വിവേകം കൊടുത്തതിലും തന്റെ ക്ലാസിലെ വിദ്യാർഥി എന്ന നിലയിലും സൈദാലിയുടെ പ്രവർത്തിയിൽ ഏറെ അഭിമാനം കൊള്ളുന്നതായി ക്ലാസ് ടീച്ചർ അമ്പിളി മെറാർഡ് പറഞ്ഞു.
""ക്ലാസിലും പ്രത്യേകിച്ച് മറ്റു കുട്ടികളുടെ കാര്യത്തിലും ശ്രദ്ധാലുവാണ് സെയ്ദലി. മറ്റു കുട്ടികളോടും അധ്യാപകരോടും സൗമ്യമായി പെരുമാറുന്ന പ്രകൃതം. ദൂരെനിന്നേ രാമൻ വെള്ളത്തിൽ വീഴുന്നത് കണ്ടു ഓടിയെത്തി ചിറയിലേക്ക് കമിഴ്ന്നു കിടന്ന് കൈകൾ നീട്ടി നൽകി സെയ്ദലി രക്ഷിക്കുകയായിരുന്നുവെന്ന് ക്ലാസ് ടീച്ചർ പറഞ്ഞു.
നിരവധി സംഘടനകളുടേയും ക്ലബുകളുടേയും ആദരവ് ഏറ്റു വാങ്ങുന്ന തിരക്കിലാണിപ്പോൾ സെയ്ദലി. പറക്കുളത്തെ പ്രതീക്ഷ അങ്കണവാടി സംരക്ഷണ സമിതിയാണ് സെയ്ദലിയെ ആദ്യം ആദരിക്കുന്നത്.