കാഷ്യു കോൺക്ലേവ് ഇന്ന് കൊല്ലത്ത്
1599627
Tuesday, October 14, 2025 6:56 AM IST
കൊല്ലം: കശുവണ്ടി മേഖല നേരിടുന്ന ആഗോള, രാജ്യാന്തര പ്രശ്നങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനും പുതിയ ആശയങ്ങൾ സമാഹരിക്കുന്നതിനും കശുവണ്ടി മേഖലയിലെ വിദഗ്ധർ, വ്യവസായ കേ ട്രേഡ് യൂണിയൻ പ്രതിനിധികൾ, തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി ചരിത്രദൗത്യവുമായി കാഷ്യു കോൺക്ലേവ് ഇന്നു സർക്കാർ സംഘടിപ്പിക്കുന്നു. കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
ഏകദിന കാഷ്യൂ കോൺക്ലേവിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10നു മന്ത്രി പി. രാജീവ് നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ, കെ.ബി.ഗണേഷ് കുമാർ എന്നിവർ പങ്കെടുക്കും. ജില്ലയിലെ എംപി മാർ, എംഎൽഎ മാർ, കശുവണ്ടി മേഖലയിലെ വിദഗ്ധർ,വ്യവസായികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, തൊഴിലാളികൾ എന്നിവർ കോൺക്ലേവിൽ സന്നിഹിതരാകും.
തുടർന്നു 11.30 മുതൽ വിവിധ മേഖലകളിലായി മന്ത്രിമാർ,ജനപ്രതിനിധികൾ, വിദഗ്ധർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, വ്യവസായികൾ, തൊഴിലാളികൾ, ഉദ്യോഗസ്ഥപ്രമുഖർ എന്നിവർ പങ്കെടുക്കുന്ന വിവിധ സെഷനുകൾ നടക്കും. കശുവണ്ടി വികസനകോർപറേഷന്റെയും കാപ്പെക്സിന്റെയും കശുവണ്ടി ഉൽപ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പും ഭക്ഷ്യവകുപ്പും തമ്മിൽ ഒപ്പു വച്ച ധാരണാപത്രം മന്ത്രിമാരായ പി.രാജീവും ജി.ആർ. അനിലും തമ്മിൽ കൈമാറും. ഉച്ചകഴിഞ്ഞ് മൂന്നിനുള്ള സമാപന സമ്മേളനം മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
കശുവണ്ടി വ്യവസായം നിലനിർത്താനും ഇതിന്റെ ഭാഗമായി ജീവിതം കരുപ്പിടിപ്പിക്കുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിനും പദ്ധതികളെകുറിച്ചും കോൺക്ലേവ് ചർച്ച ചെയ്യും.500 പേരാണ് ഓരോ സെഷനിലും പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മുതൽ തൊഴിലാളികളുടെ കലാപരിപാടികളും 2.45 ന് സമാപന സമ്മേളനവും നടക്കും.