സ്വപ്നവീടിന്റെ താക്കോൽ കൈമാറി
1599623
Tuesday, October 14, 2025 6:56 AM IST
കരുനാഗപ്പള്ളി: ഗ്രന്ഥശാല വാർഷികത്തോടനുബന്ധിച്ച് ഇടക്കുളങ്ങര പുലിയൂർ വഞ്ചി ജനകീയ ലൈബ്രറി പ്രവർത്തകർ പ്രദേശത്തെ നിരാലംബനായ യുവാവിനായി നിർമിച്ച സ്വപ്ന വീടിന്റെ താക്കോൽ കൈമാറി.
ഗ്രന്ഥശാലയ്ക്ക് സമീപം മുണ്ടപ്പള്ളി കിഴക്കതിൽ അനി എന്ന യുവാവിനാണ് വീട് നിർമിച്ചു നൽകിയത്. ഗ്രന്ഥശാലാ പ്രവർത്തകർ മുൻകൈയെടുത്ത് ഇദ്ദേഹത്തെ ദീർഘനാൾ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. മാതാപിതാക്കൾ നഷ്ടപ്പെട്ട യുവാവ് ഗ്രന്ഥശാലാ പ്രവർത്തകരുടെ ചികിത്സയുടെയും പരിചരണത്തിന്റെയും ഭാഗമായി പൂർണആരോഗ്യത്തിലേക്ക് തിരിച്ചുവരുകയാണ്. ഈ സാഹചര്യത്തിലാണ് യുവാവിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കൂടി ഗ്രന്ഥശാല പ്രവർത്തകർ മുന്നിട്ടിറങ്ങിയത്.
വാർഷികാഘോഷ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി സ്വപ്ന വീടിന്റെ താക്കോൽ കൈമാറി. തൊഴിലുറപ്പ് തൊഴിലാളികളെ സി .ആർ. മഹേഷ് എംഎൽഎ ആദരിച്ചു.അങ്കണവാടി ആശാ പ്രവർത്തകർ, ഹരിത കർമസേനാംഗങ്ങൾ എന്നിവരേയും ആദരിച്ചു.
ആദ്യകാല ഗ്രന്ഥശാല പ്രവർത്തകരെ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .വിജയകുമാർ ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാറും കൈമാറി. ഗ്രന്ഥശാല പ്രസിഡന്റ്എസ് .സുനിൽകുമാർ അധ്യക്ഷനായി.സെക്രട്ടറി എസ് .കെ .അനിൽ, അനിൽ എസ്.കല്ലേലിഭാഗം, ടി .രാജീവ്, സുധീർ കാരിക്കൽ, ബിന്ദു രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിക്ക് മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും നടന്നു.