സംസ്ഥാനത്തെ ആദ്യ സുരക്ഷിത തീരം പദ്ധതിക്ക് കൊല്ലത്ത് തുടക്കം
1599114
Sunday, October 12, 2025 6:01 AM IST
കൊല്ലം: സിറ്റി പോലീസിന്റെഏറ്റവും പുതിയ പദ്ധതിയായ സുരക്ഷിത തീരം പദ്ധതിയുടെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന്റെ സാന്നിധ്യത്തിൽ ഡോ. സുജിത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു. കൊല്ലം എസിപി എസ്.ഷെരീഫ് അധ്യക്ഷത വഹിച്ചു. മൂന്നുമാസം നീണ്ടു നിൽക്കുന്ന ബൃഹത് പദ്ധതിക്കാണ് ശക്തികുളങ്ങര ഹാർബറിൽ തുടക്കം കുറിച്ചത്.
ബോട്ട് ഓപ്പറേറ്റേഴ്സ് സംഘടനകൾ, ഫിഷറീസ് മേഖലയിലെ തൊഴിലാളി സംഘടനകൾ എന്നിവ കൂടാതെ കോസ്റ്റൽ പോലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന അതിഥി തൊഴിലാളികൾ പരവൂർ മുതൽ ഓച്ചിറ വരെയുള്ള കടലോര മേലകളിലെ മത്സ്യബന്ധന മേഖലകളിലും അനുബന്ധ മേഖലകളിലും ജോലി ചെയ്തു വരികയാണ്. എന്നാൽ ഇവരുടെ വ്യക്തമായ കണക്കുകളോ മറ്റ് തിരിച്ചറിയൽ രേഖകളോ ഇല്ലാത്തതും പുതിയ തൊഴിലാളികൾ വരികയും മറ്റു ചിലർ തിരികെ പോകുകയും ചെയ്യുന്നതടക്കമുള്ള സ്ഥിതിവിശേഷം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഒരാഴ്ച മുമ്പ് സംശയത്തിന്റെ പേരിൽ ഒരു ബോട്ട് ശക്തികുളങ്ങര ഹാർബറിൽ പോലീസ് പിടികൂടുകയുമുണ്ടായി. കൂടാതെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുമ്പോൾ ഇവരുടെ വിലാസമോ തൊഴിൽ ചെയ്യുന്ന സ്ഥാപനങ്ങളോ ലഭിക്കാത്തതും പോലിസിന് ബുദ്ധിമുട്ട് ഉണ്ടാക്കിയതും ഈ പദ്ധതിക്കായി സിറ്റി പോലീസിനെ പ്രേരിപ്പിക്കുകയായിരുന്നു.
സുരക്ഷിത തീരം പദ്ധതി പ്രകാരം കൊല്ലം സിറ്റി പരിധിയിലെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളെയും കൊല്ലം സിറ്റി പോലീസ് തയാറാക്കിയ രൂപരേഖ പ്രകാരം അടുത്ത രണ്ട് മാസം കൊണ്ട് അവർ ജോലിചെയ്യുന്ന ഉടമസ്ഥരുടെയോ കോൺട്രാക്ടറുടെയോ വിലാസവും ഫോൺ നമ്പരും അടിസ്ഥാനപ്പെടുത്തി അതിൽ തൊഴിലാളികളുടെ വ്യക്തമായ കണക്ക് ശേഖരിക്കലാണ് പദ്ധതി.
ശക്തികുളങ്ങര ഹാർബറിൽ ഇതിനായി ഒരു ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. വിവിധ കൗണ്ടറുകളിലായി കമ്പ്യൂട്ടറും ആധാർ ബയോമെട്രിക് മെഷീൻ അടക്കമുള്ളവയും ഉൾകൊള്ളിച്ചിട്ടുമുണ്ട്. ആദ്യത്തെ കൗണ്ടറിൽ രജിസ്ട്രേഷനും രണ്ടാമത്തെ കൗണ്ടറിൽ മൊബൈൽ ആപ്ലിക്കേഷൻ വച്ചോ ആധാറിന്റെ സൈറ്റിലൂടെയോ ആധാറിന്റെ ആധികാരികത പരിശോധിക്കുകയാണ് ചെയ്യുന്നത്. ഇതിൽ രണ്ടിലും ആധാർ കാർഡ് തിരിച്ചറിയൽ രേഖ വെരിഫൈ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ തൊഴിലാളികളുടെ വിരലടയാളം ഉപയോഗിച്ച് ആധാർ ശരിയാണോ എന്നറിയുന്നതിന് ബയോമെട്രിക് സംവിധാനവും ഉപയോഗപ്പെടുത്തും.
ആധാർ വെരിഫിക്കേഷൻ കഴിഞ്ഞാൽ അതേ തൊഴിലാളികളുടെ വിശദവിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറിലേക്ക് രേഖപ്പെടുത്തുകയാണ് അടുത്ത കൗണ്ടറിൽ ചെയ്യുന്നത്. കൊല്ലം സിറ്റിയിലെ കടലോര മേഖലകളിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്ന മുഴുവൻ ബോട്ടുകളുടെയും വിവരങ്ങൾ ശേഖരിച്ചിട്ടുള്ള ഡേറ്റാ ബാങ്ക് കമ്പ്യൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ബോട്ടുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഉണ്ടെങ്കിൽ അതാത് ബോട്ടിന്റെ ഉടമസ്ഥനെ ഏൽപ്പിച്ച ്ആ ഉടമസ്ഥന്റെ കീഴിൽ തൊഴിലാളികളെ കൊണ്ടുവരുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. മറ്റ് മേഖലകളും ഇത്തരത്തിൽ കൊണ്ടുവരാനാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്.
രണ്ടാം ഘട്ടമായി അതിഥി തൊഴിലാളികളുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കേരള പോലിസിന്റെ സഹായത്തോടെ അതാത് സംസ്ഥാനങ്ങളിൽ നിന്നും ശേഖരിക്കുന്നതും അതും ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തുന്നതുമാണ്. എല്ലാ ദിവസവും രാവിലെ ആറു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. കേരളത്തിൽ ആദ്യമായാണ് പോലിസ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്.
തീരദേശ മേഖലയിലെ അതിഥി തൊഴിലാളികളുടെ വ്യക്തമായ ചിത്രം ലഭിക്കുന്നതോടെ കോസ്റ്റൽ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് മറ്റ് പല മേഖലകളിലും എത്താൻ കഴിയും എന്ന പ്രതീക്ഷയും പോലിസിനുണ്ട്.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ എസ്. ജയൻ, ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ് രമേശ്, ജില്ലയിലെ എസിപി മാർ, കൗൺസിലർമാരായ പുഷ്പാംഗദൻ, മധു, ദീപു ,സുമി , ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ്, രാജു പട്രോപ്പിൽ, സിഐടിയു ബോട്ട് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ടോംസൺ എന്നിവരും പങ്കെടുത്തു.