ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
1599123
Sunday, October 12, 2025 6:14 AM IST
അഞ്ചല്‍ : ആലഞ്ചേരി ചണ്ണപ്പേട്ട പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ 11.30ന് കടവറത്തിന് സമീപമാണ് അപകടം. ചിതറ സ്വദേശി റമീസ്, അഗസ്ത്യാക്കോട് സ്വദേശി നൗഫല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരേയും അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. കടവറം ഭാഗത്ത് അപകടം പതിവാണ്. മറ്റൊരുവാഹനത്തെ മറികടന്നു എത്തിയ ബുള്ളറ്റ് എതിര് ദിശയില്‍ നിന്നുംവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ആലഞ്ചേരി ചണ്ണപ്പേട്ട പാതയുടെ നവീകരണത്തിന് ശേഷം പാതയില്‍ അപകടങ്ങള്‍ വര്‍ധിച്ചു വരികയാണ്. വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയുമാണ് മിക്കപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
സൂചന മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവവും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. പാതയിലെ ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചില്‍ ഒഴിവാക്കാന്‍ അധികൃതരുടെ ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .