പുനലൂരിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു
1599381
Monday, October 13, 2025 6:37 AM IST
പുനലൂർ: എസ്എൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ - സിപിഎം പോര് മുറുകുന്നു. ഇത്തവണ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ യാണ് വിജയിച്ചത്. എസ്എഫ്ഐ യുടെ ആഹ്ലാദ പ്രകടനത്തിനിടെ സ്ഥലം എംഎൽഎ യായ സിപിഐയുടെ പി.എസ്. സുപാലിനെതിരെ പ്രതികരിയ്ക്കുകയും പരിഹസിയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് എഐഎസ്എഫിനെ ചൊടിപ്പിച്ചത്.
ഇവിടെ മത്സരം എസ്എഫ്ഐയും എഐഎസ്എഫും തമ്മിലാണ്. കഴിഞ്ഞ തവണ എഐഎസ്എഫ് യൂണിയൻ ഭരണം നേടിയിരുന്നു. തങ്ങളുടെ എംഎൽഎയ്ക്കെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചതോടെ എഐഎസ്എഫും രംഗത്തെത്തി.
മുതിർന്ന സിപിഎം നേതാവ് എസ്. ജയമോഹനെതിരെ അവരും പരിഹാസം ചൊരിഞ്ഞു. തുടർന്ന് സൈബർ പോരാട്ടമായി ഇതു മാറി. ഇരുകൂട്ടരും സംഭവം ഏറ്റെടുത്തതോടെ സിപിഎം - സിപിഐ ഭിന്നത രൂക്ഷമായി. പാർട്ടികളും ഇപ്പോൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന അവസ്ഥയായി.
ഒരു മുന്നണിയാണെന്ന പരിഗണനകൾ പോലും മറന്ന് നേതാക്കൾക്കെതിരെ ഇവർ രംഗത്തു വരുന്നു. ഫേസ് ബുക്ക് പോസ്റ്റുകളിലൂടെ വലിയ രീതിയിൽ പ്രതികരിയ്ക്കുകയാണ്.
എന്തായാലും പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ എൽഡിഎഫിലെ തർക്കം മൂലം പുനലൂരിൽ വലിയ ഭിന്നത ഉടലെടുത്തിട്ടുണ്ട്.