പൊരീക്കൽ കൊലപാതകം : സഹോദരങ്ങൾ പിടിയിൽ
1599122
Sunday, October 12, 2025 6:01 AM IST
കുണ്ടറ : പൊരിക്കൽ ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥി(35) നെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദങ്ങളായ രണ്ടു പ്രതികളും പിടിയിലായി. രണ്ടാം പ്രതി അഖിൽ (25) ആണ് ഇന്നലെ പുത്തൂർ പോലീസിന്റെ പിടിയിലാവുന്നത്. കേസിലെ ഒന്നാം പ്രതി അരുണിനെ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം പുത്തൂർ സിഐ സി. ബാബുക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് അഖിലിനെ പുത്തൂർ പോലീസ് പിടികൂടുന്നത്. ഗോകുൽനാഥിനെ ജയന്തി ഉന്നതിയിൽ വിളിച്ചുവരുത്തി സഹോദരങ്ങളായ അരുൺ,അഖിൽ എന്നിവർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മരണ കാരണം വാരിയെല്ലിന് ഉണ്ടായ ക്ഷതം ആണെന്നാണ് പോലീസ് പറയുന്നത്.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന അഖിലിനെ പുത്തൂർ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൃത്യത്തിന് ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെ പല പ്രദേശത്തും കറങ്ങി നടന്ന പ്രതികളെ കണ്ടെത്തുക എന്നത് വളരെ ശ്രമകരമായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.