കൊല്ലം-തേനി ദേശീയപാത അലൈൻമെന്റിന് അന്തിമ അംഗീകാരം
1512442
Sunday, February 9, 2025 5:53 AM IST
കടവൂർ മുതൽ വയ്യങ്കര വരെ ആദ്യഘട്ടം
കൊല്ലം: കൊല്ലം - തേനി ദേശീയപാത 183 നവീകരണവുമായി ബന്ധപ്പെട്ട് പുതുക്കിയ അലൈൻമെന്റിന് അന്തിമ അംഗീകാരം ലഭിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. 24 മീറ്റർ വീതിയിൽ നാലുവരി ആയി നിലവിലുള്ള പാതയാണ് വികസിപ്പിക്കുന്നത്.
കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്ന ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അലൈൻമെന്റിന്റെ അന്തിമ അംഗീകാരം സംബന്ധിച്ചുള്ള തീരുമാനമായത്.
നേരത്തെ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് അലൈൻമെന്റ് അന്തിമമായി അംഗീകരിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര ഉപരിതല ഹൈവേ ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ച് നടപടികൾ വേഗത്തിലാക്കാൻ ഇടപെടൽ തേടിയിരുന്നു. അന്നത്തെ യോഗത്തിൽ അനുകൂലമായി പ്രതികരിച്ചിരുന്ന മന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള എസ്റ്റിമേറ്റ് അടക്കമുള്ള കാര്യങ്ങളിൽ വേഗത്തിൽ തീരുമാനമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
കൊല്ലം കടവൂരിൽ നിന്ന് ആരംഭിച്ച് ആലപ്പുഴ ജില്ലയിലെ മുളക്കുഴ വില്ലേജിലെ ആഞ്ഞിലിമൂട്ടിൽ അവസാനിക്കുന്ന ആദ്യ സ്ട്രെച്ചിലെ റോഡ് നവീകരണത്തിനുള്ള അലൈൻമെന്റിനാണ് ഇപ്പോൾ അന്തിമ അംഗീകാരം ലഭിച്ചത്. കുണ്ടറ ചുറ്റുമല, കല്ലട, ഭരണിക്കാവ്, ചക്കുവള്ളി, താമരക്കുളം, ചാരുംമൂട് ചുനക്കര, മങ്കാംകുഴി, കൊല്ലകടവ് എന്നിവിടങ്ങളിൽ കൂടിയാണ് പാത കടന്നുപോകുന്നത്.
ദേശീയപാത 183 ന്റെ വികസനവുമായി ബന്ധപ്പെട്ട് റോഡ് ഉൾപ്പെടെയുള്ള ആദ്യഘട്ടത്തിൽ 75 ഹെക്ടർ സ്ഥലം ഏറ്റെടുക്കണം. ഒരു വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ദേശീയപാത അധികൃതർ ലക്ഷ്യമിടുന്നത്.
ദേശീയപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലത്തും ഹരിപ്പാടും സ്പെഷ്യൽ തഹസിൽദാർമാരുടെ നേതൃത്വത്തിൽ 3 (എ) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിന് ആവശ്യമായ റവന്യൂ നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയെ സംബന്ധിച്ചിട്ടുള്ള വിവരങ്ങളും സർവേ നമ്പറുകളും ഇതിനോടകം ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭൂമി രാശി പോർട്ടലിൽ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞു.
കൊല്ലം കടവൂർ മുതൽ വയ്യങ്കര വരെയുള്ള ദൂരം ആദ്യ സ്ട്രെച്ചായും വയ്യാങ്കര മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ആലപ്പുഴ ജില്ലയിലെ ഭാഗം രണ്ടാമത്തെ സ്ട്രച്ചായും സമാന്തരമായിട്ടായിരിക്കും ഭൂമി ഏറ്റെടുക്കലും ഹൈവേ നവീകരണ പ്രവർത്തനങ്ങളും നടക്കുകയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.