ഉരുൾപൊട്ടൽ: അടിവാരത്തെ കുടുംബങ്ങൾ സുരക്ഷിതരല്ലെന്ന് റിപ്പോർട്ട്
1600178
Thursday, October 16, 2025 6:08 AM IST
പുനലൂർ: ഉരുൾപൊട്ടലുണ്ടായ കരവാളൂർ വെഞ്ചേമ്പ് പച്ചയിൽകുന്നിന്റെ അടിവാരത്ത് താമസിക്കുന്ന അഞ്ചോളം കുടുംബങ്ങൾ സുരക്ഷിതരല്ലെന്ന് റിപ്പോർട്ട്. സ്ഥലത്ത് പരിശോധന നടത്തിയ ജിയോളജി വകുപ്പ് അധികൃതർ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇവരെ മാറ്റിപ്പാർപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
അടിവാരത്തുനിന്ന് അഞ്ഞൂറോളം അടി ഉയരത്തിൽ ഉരുൾപൊട്ടിയ ഭാഗത്ത് ഇപ്പോഴും മണ്ണിടിഞ്ഞനിലയിലാണെന്നും മുകളിലെ മണ്ണ് വേണ്ടത്ര ഉറപ്പില്ലാത്തതാണെന്നും പരിശോധനയ്ക്കുശേഷം ജിയോളജി വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് അടിവാരത്തെ താമസക്കാരെ താത്കാലികമായെങ്കിലും മാറ്റിപ്പാർപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. പച്ചയിൽകുന്നിന്റെ മുകളിൽ സ്വകാര്യ റബർതോട്ടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്.
കൃഷിജോലികൾ ചെയ്തുവരുന്ന അതിഥിത്തൊഴിലാളികൾ താമസിക്കുന്ന വീടിനോടുതൊട്ടുചേർന്നും സമീപത്തെ വീടുകളിൽനിന്ന് 50 മീറ്റർ മാറിയുമായിരുന്നു വെള്ളപ്പാച്ചിൽ. തലനാരിഴയ്ക്കാണ് കുടുംബങ്ങൾ രക്ഷപ്പെട്ടത്. എന്നാൽ വെള്ളപ്പാച്ചിലിൽ തൊട്ടടുത്തുള്ള അനന്തുഭവനിൽ ഓമനയുടെയും കുഴിവിള പുളിമൂട്ടിൽ ചന്ദ്രയുടെയും വീട്ടിൽ വെള്ളം കയറിരുന്നു. ഓമനയുടെ വീടിനുമുന്നിലെ തൊഴുത്ത് നശിക്കുകയും ചെയ്തു.
മഴ കനത്താൽ ഇത്തരത്തിൽ വീണ്ടും മണ്ണിടിയുന്നതിനും വെള്ളപ്പാച്ചിലിനുമുള്ള സാധ്യതയാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ മലയിലും അടിവാരത്തുമായി ഒരു കിലോമീറ്ററോളം ദൈർഘ്യത്തിലാണ് കൃഷി നശിച്ചത്. എത്രയധികം വിള നശിച്ചിട്ടുണ്ടെന്നുള്ള കൃത്യമായ കണക്ക് ഇനിയുമായിട്ടില്ല. കർഷകർ പരാതി നൽകുന്ന മുറയ്ക്കേ ഏകദേശം കൃത്യമായ കണക്ക് അറിയാനാകൂ.
ജിയോളജിക്കു പുറമേ റവന്യൂ, കൃഷി വകുപ്പുകളിൽനിന്നുള്ള റിപ്പോർട്ടും കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പരിശോധിച്ചശേഷമേ തുടർനടപടികളുണ്ടാകൂ.