പഞ്ചായത്ത് സെക്രട്ടറിമാരിലെ ബേബിയായി ഗൗരി
1600174
Thursday, October 16, 2025 5:59 AM IST
പരവൂർ: കേരളത്തിലെ പഞ്ചായത്ത് സെക്രട്ടറിമാരിൽ "ലിറ്റിൽ സ്റ്റാർ' ആയി പരവൂർ സ്വദേശിനി ഗൗരി ആർ. ലാൽജി. 23കാരിയായ ഗൗരി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റത് കഴിഞ്ഞ ദിവസമാണ്. മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിലാണ് ഗൗരി സ്ഥാനമേറ്റത്. പരവൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ റോഷ്ന ബുക്ക്സ് ഉടമ കുറുമണ്ടൽ ചെമ്പന്റഴികം വീട്ടിൽ സി.എൽ. ലാൽജിയുടെയും ഒ. ആർ. റോഷ്നിയുടെയും മകളാണ്.
എറണാകുളത്ത് ഹൈക്കോടതി അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്നു ഗൗരി. മൂന്ന് മാസം മുമ്പാണ് പഞ്ചായത്ത് സെക്രട്ടറിയായി ജോലി ലഭിച്ചത്. ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായിരുന്നു.
പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്കുള്ള പരീക്ഷയിൽ 63 -ാം റാങ്കായിരുന്നു. നിയമനം ലഭിച്ചപ്പോൾ ഹൈക്കോടതിയിലെ ജോലി രാജിവച്ചു. ഒന്നുമുതൽ പത്താം ക്ലാസു വരെ ചിറക്കര ലോഡ് കൃഷ്ണ സ്കൂളിലായിരുന്നു പഠനം. അവിടെ പ്രസംഗ മത്സരങ്ങളിലെല്ലാം ഒന്നാം സ്ഥാനം ഗൗരിക്കായിരുന്നു. 10 മുതൽ 12 വരെ പഠിച്ചത് കൊല്ലം കാവനാട് ലേക്ഫോർഡ് സ്കൂളിലാണ്. സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്കും ഗൗരിക്കായിരുന്നു.
തുടർന്ന് കൊല്ലം ശ്രീനാരായണ വനിതാ കോളജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ പഠനത്തിന് ചേർന്ന് കേരള യൂണിവേഴ്സിറ്റിയിൽ മൂന്നാം റാങ്കോടെ പാസായി. പിന്നീടാണ് മത്സര പരീക്ഷകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. വായനയാണ് ഗൗരിക്ക് ഏറെയിഷ്ടം. മുന്തിയ പരിഗണന പത്രവായനക്കാണ്.
അതു കഴിഞ്ഞാൽ പാഠപുസ്തകങ്ങൾ. പിന്നെ നോവലുകൾ. വായനയിൽ നിന്ന് കിട്ടിയ അറിവുകളാണ് മത്സര പരീക്ഷകളിലെ റാങ്ക് ലിസ്റ്റുകളിൽ മുന്നിൽ എത്താൻ സഹായകമായത്. ഐഎഎസ് കരസ്ഥമാകണമെന്നതാണ് ഗൗരിയുടെ ഏറ്റവും വലിയ മോഹം. അതിനുള്ള തയാറെടുപ്പുകൾ നേരത്തേ തന്നെ തുടങ്ങിയിരുന്നു.
പുതിയ ദൗത്യനിർവഹണത്തിനിടയിലും ആഗ്രഹം പൂർത്തീകരിക്കണമെന്ന ദൃഡനിശ്ചയത്തിലാണ് ഈ മിടുക്കി. സഹോദരൻ ദേവദത്ത് ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.