കാട്ടുപന്നികള്‍ തകർത്തെറിഞ്ഞത് പ്രതീക്ഷകള്‍
1600180
Thursday, October 16, 2025 6:08 AM IST
അഞ്ചല്‍ : കാട്ടുപന്നികൾ ചവിട്ടി മെതിച്ചത് മധുസൂദനൻ പിള്ളയുടെ അധ്വാനവും പ്രതീക്ഷകളും. അയല്‍വാസിയിൽ നിന്നും പലിശയ്ക്ക് വാങ്ങിയ അരലക്ഷം രൂപ, സുഹൃത്തിന്റെ മോതിരം വാങ്ങി പണയം വച്ചത് 30,000, ചെറുതും വലുതുമായി മറ്റ് പലരോടും വാങ്ങിയ പതിനായിരങ്ങള്‍. ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഇളവൂര്‍ ക്ഷേത്രത്തിന് സമീപത്തെ ഒരേക്കറോളം ഭൂമി പാട്ടത്തിനെടുത്ത്ചണ്ണപ്പേട്ട സ്വദേശി മധുസൂദനന് പിള്ള മരച്ചീനി ഉള്‍പ്പടെയുള്ള കൃഷി ആരംഭിച്ചത്.
എന്നാല്‍ പ്രതീക്ഷകള്‍ എല്ലാം തകിടം മറിച്ചുകൊണ്ടു കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടുപന്നി കൂട്ടം കൃഷി വ്യാപകമായ് നശിപ്പിച്ചു. ഇരുനൂറിൽ അധികം മൂട് മരച്ചീനിയാണ് പന്നിക്കൂട്ടം കുത്തിയിളക്കി നശിപ്പിച്ചത്. രണ്ടുമാസം മുമ്പും സമാനമായി കാട്ടുപന്നി അതിക്രമം ഉണ്ടായിരുന്നു. അന്നും വ്യാപകമായി കൃഷി നശിപ്പിച്ചു. പിന്നീട് കൂലിക്കു ആളെ നിര്‍ത്തി ഇവിടത്തന്നെ വീണ്ടും കൃഷിയിറക്കി.
പക്ഷേ കാട്ടുപന്നി മധുസൂദനനെ വിടാതെ പിന്തുടരുകയാണ്. തുടര്‍ച്ചയായി കൃഷി നാശം വന്നതോടെ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഹൃദ്രോഗിയായ മധുസൂദനന് പിള്ള. കടം വാങ്ങിയതും പണയം വച്ചതുമുള്പ്പടെയുള്ള പണവും ആഭരണവും തിരികെ നല്‍കണം. ഒപ്പം കുടുംബം പോറ്റുകയും വേണം. ഇവയൊക്കെ എങ്ങനെ പരിഹരിക്കും എന്നോര്‍ത്ത് കാട്ടുപന്നിക്കൂട്ടം കുത്തി ഇളക്കിയ കൃഷിയിടത്തില്‍ നിസഹായതയോടെ നില്‍ക്കുകയാണ് ഈ കര്ഷകന്.
അതേസമയം വന്യമൃഗ ശല്യം ചെറുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം എന്നും കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ കൂടുതല്‍ ആളുകള്‍ക്ക് ലൈസന്‍സ് നല്‍കണം എന്നും കേരള കര്‍ഷക ഫെഡറേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും മീന്‍കുളം റെസിഡന്‍സ് അസോസിയേഷന് സെക്രട്ടറിയുമായ മാക്സ്മിലന് പള്ളിപ്പുറം ആവശ്യപ്പെട്ടു.
അലയമണ്‍ പഞ്ചായത്തില്‍ ഒരാള്‍ക്ക് പോലും പന്നിയെ വെടിവച്ചു കൊല്ലാനുള്ള ലൈസന്‍സ് ലഭിച്ചിട്ടില്ല എന്നും ഉദ്യോഗസ്ഥരുടെ വീഴ്ചയും അലംഭാവവുമാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നതെന്നും മാക്സ്മിലന് കൂട്ടിച്ചേര്‍ത്തു. മീന്‍കുളം റെസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് സജീവ് പാങ്ങാലംകാട്ടില്, പൊതുപ്രവര്ത്തകൻ ജോസ് മണ്ണില്‍ ഉള്‍പ്പടെയുള്ളവരും സ്ഥലത്തെത്തിയിരുന്നു.