മുക്കുപണ്ടം പകരം വച്ച് സ്വർണാഭരണം മോഷ്ടിച്ചയാൾ പിടിയിൽ
1600179
Thursday, October 16, 2025 6:08 AM IST
പാരിപ്പള്ളി : ജ്വല്ലറിയിൽ മുക്കുപണ്ടം വച്ചിട്ട് സ്വർണാഭരണം തട്ടിയെടുത്തയാളെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാരിപ്പള്ളിയിലെ ഒരു ജ്വല്ലറിയിൽ നിന്നു 2.05 ഗ്രാമിന്റെ സ്വർണ മോതിരത്തിന് പകരം മുക്കുപണ്ടം വച്ച് ആഭരണം തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്.
തിരുവനന്തപുരം അരുവിക്കര സ്വദേശി സുലൈമാൻ (49) ആണ് പിടിയിലായത്. സമാന രീതിയിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി പതിനാറോളം കേസുകൾ ഇയാളുടെ പേരിലുണ്ട്. ആഭരണം വാങ്ങാനെന്ന വ്യാജേന ആഭരണം നോക്കുന്നതിനിടക്ക് കൈയിൽ കരുതിയിരിക്കുന്ന മുക്കുപണ്ടം പകരം വച്ചതിന് ശേഷം യഥാർഥ സ്വർണവുമായി കടന്ന് കളയുകയാണ് രീതി. പാരിപ്പള്ളിയിൽ രണ്ട് ദിവസമായി ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇയാൾ.
ജ്വല്ലറിയിൽ നിന്നും ആഭരണം എടുത്തതിന്റെ അടുത്ത ദിവസം പാരിപ്പള്ളിയിലെ മറ്റൊരു ജ്വല്ലറിയിൽ സമാനരീതിയിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുമ്പോഴാണ് പോലീസ് പിടിയിലായത്. ഇയാളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.