അടച്ചിട്ടിരുന്ന കള്ള് ഷാപ്പില് 52കാരനെ തലക്കടിച്ചു കൊലപ്പെടുത്തി; പ്രതി കീഴടങ്ങി
1599965
Wednesday, October 15, 2025 10:54 PM IST
അഞ്ചല്‍: അടച്ചിട്ടിരുന്ന കള്ള് ഷാപ്പില് 52 കാരനെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പോലീസിൽ കീഴടങ്ങി. ചാടയമംഗലത്താണ് അടച്ചിട്ടിരുന്ന കള്ള് ഷാപ്പില് ക്രൂരമായ കൊലപാതകം നടന്നത്.
ചടയമംഗലം മാടന്നട സ്വദേശിയായ നൗഷാദാണ് (52) കൊല്ലപ്പെട്ടത്. പ്രതിയായ തിരുവനന്തപുരം കരകുളം ചേരുവോളികോണത്ത് ദിജേഷി (44) നേ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയോടെയാണ് സംഭവം. കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
ചടയമംഗലം സര്‍ക്കാര്‍ മദ്യ വില്പന ശാലയില്‍ നിന്നും പ്രതിയായ ദിജേഷ് മദ്യം വാങ്ങുകയും കൊല്ലപ്പെട്ട നൗഷാദും ചേര്‍ന്ന് ബിവറേജസ് കോര്പ്പറേഷന് മദ്യവില്പന ശാലയ്ക്ക് സമീപം അടച്ചിട്ടിരുന്ന കള്ള് ഷാപ്പില് എത്തി മദ്യപിച്ചു.
ഇതിനിടയില്‍ ദിജേഷിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന പണം നൗഷാദ് എടുക്കുകയും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നു ഇരുവരും തര്‍ക്കവും കൈയാങ്കളിയുമായി. ഇതിനിടയിൽ സമീപത്തുണ്ടായിരുന്ന കട്ട ഉപയോഗിച്ച് ദിജേഷ് നൗഷാദിനെ തലക്കടിക്കുകയായുയിരുന്നു.
ബോധം പോയതോടെ ദിജേഷ് ചടയമംഗലം പോലീസ് സ്റ്റേഷനില്‍ എത്തി വിവരം പറയുകയും കീഴടങ്ങുകയുമായിരുന്നു.
ഉടന്‍ പോലീസ് സ്ഥലത്തെത്തെത്തി നൗഷാദിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കസ്റ്റഡിയില്‍ എടുത്ത ദിജേഷിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കരണങ്ങളുണ്ടോ എന്നത് അന്വേഷിച്ചു വരികയാണെന്ന് എസ്എച്ച്ഒ സുനീഷ് പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തെളിവെടുപ്പും വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.