മകനെ ഒളിപ്പിച്ചശേഷം കാൺമാനില്ലെന്ന് പരാതി നൽകിയ പിതാവ് അറസ്റ്റിൽ
1509580
Thursday, January 30, 2025 6:09 AM IST
കൊല്ലം: മകനെ വീട്ടിൽ ഒളിപ്പിച്ച ശേഷം കാൺമാനില്ലെന്ന് പോലീസിൽ പരാതി നൽകിയ പിതാവിനെ അറസ്റ്റ് ചെയ്തു. ചെറിയ വെളിനല്ലൂർ റോഡുവിള ദാറുൽ സലാമിൽ നിസാമിനെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന നിസാമിനെ കാണാൻ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മകനെ വീടിന്റെ ടെറസിൽ ഒളിപ്പിച്ച ശേഷം മകനെ കാണ്മാനില്ലെന്ന് നാട്ടിൽ പ്രചരിപ്പിക്കുകയും പൂയപ്പള്ളി പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പോലീസും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയെ വീടിന്റെ ടെറസിൽ നിന്നു കണ്ടെത്തുകയായിരുന്നു. കുട്ടിയോട് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് നിസാറാണ് ടെറസിൽ ഒളിപ്പിച്ചതെന്ന് തെളിഞ്ഞത്.
പോലീസിനെ തെറ്റിധരിപ്പിക്കുകയും വ്യാജപരാതി നൽകുകയും ചെയ്ത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയതിനും ഇയാൾക്കെതിരേ കേസെടുത്തു. ഇൻസ്പെക്ടർ എസ്.ടി. ബിജുവിന്റെ നിർദേശപ്രകാരം എസ്ഐമാരായ രജനീഷ്, അനീസ്, ബിനു ജോർജ് സിപിഒമാരായ വിനു, അൻവർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.