ജമാഅത്തിന്റെ വഞ്ചികൾ കുത്തിതുറന്ന് മോഷണം
1509582
Thursday, January 30, 2025 6:10 AM IST
കൊട്ടിയം: പള്ളിയിലെ നിരീക്ഷണ കാമറ തകർത്തശേഷം മൂന്ന് കാണിക്ക വഞ്ചികൾ കുത്തി തുറന്ന് മോഷ്ടാക്കൾ പണം അപഹരിച്ചു. ദേശീയപാതയ്ക്കരികിലെ തട്ടാമല മുസ്ലിം ജമാഅത്ത് പള്ളിയിലാണ് മോഷണം നടന്നത്.
പള്ളിയിലെ മഖാമുകളുടെ പരിസരത്തും മഖാമിന്റെ ഗേറ്റിന് സമീപത്തും വച്ചിരുന്ന മൂന്ന് ഇരുമ്പ് വഞ്ചികളുടെ പൂട്ട് തകർത്താണ് പണം മോഷ്ടിച്ചത്. പതിനയ്യായിരം രൂപയോളം മോഷണം പോയതായി കരുതുന്നു. കഴിഞ്ഞദിവസം പുലർച്ചെയാണ് മോഷണം നടന്നത്. പള്ളിയുടെ പിന്നിലെ മതിൽ ചാടിക്കടന്ന് എത്തിയ മോഷ്ടാവ് പള്ളി പരിസരത്ത് തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് പാര എടുത്താണ് പൂട്ടുകൾ തകർത്തത്.
വഞ്ചിക്ക് സമീപത്തു നിന്ന് ഇരുമ്പ് ബ്ലേയ്ഡും കണ്ടെത്തിയിട്ടുണ്ട്. ഒരു നിരീക്ഷണ കാമറ തകർത്തെങ്കിലും മറ്റൊരു കാമറയിൽ നിന്ന് മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
നീല ജീൻസ് പാന്റും കറുപ്പ്ബനിയനും, തലയിൽ തൊപ്പിയും, മുഖത്ത് മാസ്കും ധരിച്ചയാളാണ് മോഷണം നടത്തിയത്. ജമാഅത്ത് പരിപാലന സമിതിയുടെ പരാതിയിൽ കേസെടുത്ത് അന്വഷണം തുടങ്ങി. ഇരവിപുരം എസ്ഐയുടെ നേതൃത്വത്തിൽ പോലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.