യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: അച്ഛനും മകനും പിടിയിൽ
1509568
Thursday, January 30, 2025 5:57 AM IST
പുനലൂര്‍: കാറും സ്കൂട്ടറും തടഞ്ഞുനിര്‍ത്തി യാത്രക്കാരായ അഞ്ചുയുവാക്കളെ ആക്രമിച്ച് വെട്ടിപ്പരിക്കേല്പിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. കരവാളൂര്‍ നരിക്കല്‍ പുളിമുക്കില് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അച്ഛനേയും മകനേയും അറസ്റ്റുചെയ്തു. പ്രതിയായ മറ്റൊരു മകനുവേണ്ടി തിരച്ചില്‍ നടത്തിവരികയാണ്.
നരിക്കല്‍ പള്ളിപ്പടിഞ്ഞാറ്റേതില്‍ ലിജിന്‍ (29),അച്ഛന് ബാബുക്കുട്ടന് എന്ന തോമസ്കുട്ടി (53) എന്നിവരാണ് അറസ്റ്റിലായത്. കരവാളൂര്‍ നരിക്കല്‍ പാച്ചന്മുക്ക് രാജിഭവനില്‍ ബൈജു എന്ന രോഹിത് (26), ബന്ധുക്കളായ രാകേഷ്, ഉമേഷ്, മിഥുന്, രാഹുല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബിജുവിന്റെ തലയുടെ പിന്‍ഭാഗത്തായി 17ഉം രാകേഷിന്റെ കവിളില്‍ 15 ഉം തുന്നലുണ്ട്.
ബിജുവിനേയും രാകേഷിനേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്യാണചടങ്ങില്‍ പങ്കെടുത്ത് കാറിലും സ്കൂട്ടറിലുമായി മടങ്ങിവരുമ്പോഴാണ് ആക്രമണമുണ്ടായത്. പണം പലിശയ്ക്ക് കൊടുത്തതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് പുനലൂര്‍ പോലീസ് എസ്എച്ച്ഒ ടി. രാജേഷ്കുമാര്‍ പറഞ്ഞു.