കാഴ്ചയില്ലാത്തവര്‍ക്ക് വഴികാട്ടാൻ ഉപകരണം വികസിപ്പിച്ച് ഡോക്ടർ
1509576
Thursday, January 30, 2025 6:04 AM IST
കൊല്ലം: കാഴ്ചയില്ലാത്തവര്‍ക്ക് വഴികാട്ടാന്‍ അള്‍ട്രാസോണിക് ഉപകരണം വികസിപ്പിച്ച് നേത്രരോഗ വിദഗ്ധൻ ഡോ. മാത്യൂ ജോസഫ്. വവ്വാലുകള്‍ കാണാനും ഇരുട്ടില്‍ സഞ്ചരിക്കാനും ഉപയോഗിക്കുന്ന എക്കോലൊക്കേഷനെ അടിസ്ഥാനമാക്കി, അള്‍ട്രാസോണിക് ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ചാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനം. കണ്ണടയും അള്‍ട്രാസോണിക് ശബ്ദത്തെ മനുഷ്യന് കേള്‍ക്കാവുന്ന ശബ്ദമാക്കി മാറ്റുന്ന പ്രോസസറും ഇയര്ഫോണുമാണ് ഇപയോഗിക്കുന്നത്.
അള്‍ട്രാസോണിക് സൗണ്ട് ട്രാന്‍സ്മിറ്ററും, റിസീവറും കണ്ണടയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് പ്രോസസറില്‍ നിന്ന് മുന്നിലെ തടസങ്ങള്‍ വിവിധ ശബ്ദങ്ങളായി ഇയര്‍ഫോണിലൂടെ കേള്‍പ്പിക്കും. ഇങ്ങനെയാണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്.
കാഴ്ചശക്തിയുള്ളവരേക്കാള്‍ ഇല്ലാത്തവര്‍ക്ക് കേള്‍വി ശക്തി വളരെ വികസിതമായിരിക്കുമെന്ന് ഡോ. മാത്യൂ ജോസഫ് പറഞ്ഞു.
അന്ധര്‍ നാവിനാല്‍ പുറപ്പെടുവിക്കുന്ന ക്ലിക്കിംഗ് ശബ്ദം ഉപയോഗിച്ച് എക്കോലൊക്കേഷന്‍ ഉപയോഗിക്കുന്ന രീതി യൂറോപ്പിലും അമേരിക്കയിലും ഉള്ളതായി അദ്ദേഹം പറഞ്ഞു. ഉപകരണത്തിന് പേറ്റന്റിനായി സമീപിച്ചിട്ടുണ്ട്.